സ്കൂള്‍ പരിസരത്ത് ടവര്‍ നിര്‍മാണം: സ്പാനര്‍ വീണ് വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്
ഫറോക്ക്: ജനകീയ പ്രതിഷേധം വകവയ്ക്കാതെ സ്കൂള്‍ പരിസരത്തു ടവര്‍ നിര്‍മിക്കുന്നതിനിടെ സ്പാനര്‍ വീണ് മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരുക്ക്. സംഭവത്തില്‍ പ്രതിഷേധിച്ച് ബേപ്പൂര്‍ ടൗണില്‍ ഇന്നു ഹര്‍ത്താല്‍.
പുത്തന്‍വീട്ടില്‍ നിയാസിന്റെ മകള്‍ ഫാത്തിമ നാഫിദ (10), ഒ.കെ മന്‍സിലില്‍ യൂനുസ് അസ്ലം മകള്‍ നൂഹ യൂനുസ് (10), പടിഞ്ഞാറയില്‍ ഇല്യാസ് മകള്‍ ഫാത്തിമ റെനിയ (9) എന്നിവര്‍ക്കാണു പരുക്കേറ്റത്. തലയിലും മുതുകിലും നെഞ്ചത്തും പരുക്കേറ്റ കുട്ടികളെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേപ്പൂര്‍ സലഫി ഇഗ്ലിഷ് മീഡിയം സ്കൂളിന്റെ ചുറ്റിമതിലിനോട് ചര്ന്ന ബില്‍ഡിങ്ങിനു മുകളില്‍ സ്വകാര്യ കമ്പനിയാണ് മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ഉച്ചഭക്ഷണം കഴിച്ച് സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെയാണ് ടവറിന്റെ ഇരുമ്പുതൂണുകള്‍ ഫിറ്റ് ചെയ്യുന്ന സ്പാനര്‍ വീണത്. ഫാത്തിമ നാഫിദയുടെ തലയില്‍ പതിച്ച സ്പാനര്‍ മറ്റു രണ്ട് കുട്ടികളുടെ ശരീരത്തിലേക്കു തെറിച്ചുവീഴുകയായിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ച ടവര്നിര്മാണമാണ് പൊലിസ് കാവലില്‍ ഇന്നലെ വീണ്ടും ആരംഭിച്ചത്. നിര്‍മാണം താല്‍ക്കാലികമായി ഇന്നലെ നിര്‍ത്തിവച്ചു.
രാവിലെ ആറു മുതല്‍ ഉച്ചയ്ക്കു 12 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ടവര്‍വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ ടൗണില്‍ പ്രതിഷേധം പ്രകടനം നടത്തി.
അപകടത്തില്‍ പരുക്കേറ്റ കുട്ടികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."