കനോലി കനാല്‍: താലൂക്ക് വികസനസമിതിയില്‍ തര്‍ക്കം
ചാവക്കാട്: കനോലി കനാലിനെ ചൊല്ലി താലൂക്ക് വികസന സമിതിയില്‍ തര്‍ക്കവും വാഗ്വാദവും. വഞ്ചിക്കടവിലെ കനോലി കനാല്‍ തീരത്ത് നഗരത്തിലെ കാനകളില്‍ നിന്നുള്ള ഖരമാലിന്യം തള്ളിയത് നികത്താനല്ല, സമീപത്തെ ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യം ഉയര്‍ത്തിയ ദുര്‍ഗന്ധം തടയാനെന്ന് നഗരസഭാ ചെയര്‍മാന്റെ വിശദീകരണം.
കനോലികനാല്‍ കയേറ്റം സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ ചാവക്കാട് നഗരസഭ കനാലില്‍ മാലിന്യം കൊണ്ടുവന്നിടുന്നുവെന്നും ഇത് വിവാദമായപ്പോള്‍ ചരല്‍മണ്ണിട്ടുമുടിയെന്ന മുസ്‌ലിം ലീഗ് പ്രതിനിധി മന്ദലാംകുന്ന് മുഹമ്മദുണ്ണിയുടെ പരാമര്‍ശനമാണ് ആദ്യം തര്‍ക്കത്തിനുവഴിവെച്ചത്. നഗരസഭക്കെതിരായ പരാമര്‍ശം സമിതിയില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാനെ ചൊടിപ്പിച്ചു.
മുഹമ്മദുണ്ണിയുടേത് അടിസ്ഥാനരഹിതമായ ആക്ഷേപമാണെന്ന് അദ്ദേഹം ആരോപിച്ചു. നഗരസഭ ചെയ്ത നടപടി തെറ്റാണെന്ന മുഹമ്മദുണ്ണിയുടെ ആക്ഷേപം വീണ്ടുമുയര്‍ന്നു. തങ്ങള്‍ ഉന്നയിച്ച വാദങ്ങളില്‍ ഇരുവരും ഉറച്ചുനിന്നതോടേ തര്‍ക്കം നീണ്ടു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആക്ഷേപമുന്നയിക്കുന്നതെന്നും ചില സംഘടനകള്‍ നഗരസഭക്കെതിരെ സമരം നടത്തിയെന്നും വാദമുയര്‍ന്നു. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്ത എല്ലാ പത്രങ്ങളും കൊടുത്തില്ലെന്നും സമരക്കാര്‍ക്ക് മറ്റുപല ലക്ഷ്യങ്ങളുമാണുള്ളതെന്ന മറുവാദവുമുയര്‍ന്നു.
ഇറച്ചികടകളില്‍നിന്നുള്ള മാലിന്യം കനോലികനാലില്‍ തള്ളിയത് ദുര്‍ഗന്ധം പരത്തിയതോടെ അതിനുമുകളില്‍ മണ്ണിടുക മാത്രമാണ് നഗരസഭ ചെയ്തതെന്നും നഗരസഭയ്ക്ക് മാലിന്യം നിക്ഷേപിക്കാന്‍ വേറെ സ്ഥലമുണ്ടെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
കനോലി കനാലില്‍ മാലിന്യം തള്ളിയ ഇറച്ചികടക്കാര്‍ക്കെതിരെ ആരോഗ്യവിഭാഗം നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കിയതോടെയാണ് തര്‍ക്കം അവസാനിച്ചത്.
ആരാണ് കനോലി കനാലിന്റെ സംരക്ഷകന്‍?
ചാവക്കാട്: കനോലി കനാലിന്റെ സംരക്ഷകന്‍ ആരാണെന്നകാര്യത്തിലായിരുന്നു അടുത്ത തര്‍ക്കം. മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, അഡീഷണല്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ കനോലികനാലിനെ തള്ളിപറഞ്ഞു.
ഒടുവില്‍ ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിനാണ് കനാലിന്റെ സംരക്ഷണചുമതലയെന്ന നിഗമനത്തിലെത്തി. എന്നാല്‍ കനോലികനാല്‍ കയ്യേറ്റം കണ്ടെത്താന്‍ ആര്‍ക്കാണ് ചുമതലയെന്നതു തുടങ്ങി പ്രത്യേക കാര്യങ്ങളെ കുറിച്ച് ചര്‍ച്ച വന്നതോടെ കാര്യങ്ങള്‍ക്കു വ്യക്തത വന്നു.
കനോലി കനാലിന്റെ സര്‍വേ നടത്തിയ റിപ്പോര്‍ട്ട് തങ്ങളുടെ കൈവശമുണ്ടെന്ന് അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പുദ്യോഗസ്ഥര്‍ സമ്മതിച്ചു. ഏറെ നേരത്തെ തര്‍ക്കത്തിനും വാഗ്‌വാദത്തിനും ഉടുവിലായിരുന്നു ഈ സമ്മതം. സര്‍വേ നടത്തിയ രേഖകളും റിപ്പോര്‍ട്ടും അടുത്ത താലൂക്ക് വികസന സമിതിയോഗത്തില്‍ സമര്‍പ്പിക്കാന്‍ അധ്യക്ഷന്‍ ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ആവശ്യപ്പെട്ടതോടെ ആ തര്‍ക്കത്തിനും വിരാമമായി.
അതേ സമയം ഇത്തരത്തിലൊരു സര്‍വേ അടുത്തകാലത്തൊന്നുമുണ്ടായിട്ടില്ലെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."