ഉദ്ഘാടനം കഴിഞ്ഞു; കിടക്കട്ടെ ഒന്‍പത് കോടി കൂടി
നവീകരണം പൂര്‍ത്തിയാക്കിയ നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാളിന് വീണ്ടും തുക അനുവദിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചു കഴിഞ്ഞ ശങ്കരനാരായണന് തമ്പി ഹാളിന് വീണ്ടും ഒന്‍പത് കോടി രൂപകൂടി അനുവദിച്ചു.
നിയമസഭാ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ധനവകുപ്പ് എക്സ്പന്‍ഡിച്ചര്‍ വിഭാഗമാണ് ഹാളിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണത്തിനുള്ള പെന്റിങ് ബില്ലുകള്ക്കെന്ന പേരില്‍ 9,70,26,00 രൂപ അഡീഷണല്‍ ഫണ്ടായി അനുവദിച്ചത്.
നിയമസഭാ മന്ദിരത്തിലെ നവീകരിച്ച ആര്. ശങ്കരനാരായണന് തമ്പി ഹാള്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളോടെയാണ് പുതിയ ഹാള്‍ ഒരുക്കിയതെന്നാണ് അന്ന് പറഞ്ഞത്.
ഓട്ടോമാറ്റിക് ലൈറ്റ് സിസ്റ്റം, ലൈവ് സ്ക്രീന്‍ ടെലികാസ്റ്റ് സൗകര്യം, ഫോര്‍ കെ എച്ച്.ഡി സ്ക്രീന്‍, മികച്ച നിലവാരമുള്ള സോഫയും കസേരകളും, ഓരോ സീറ്റിലും പവര്‍ പ്ളഗ്, മികച്ച ശബ്ദ സംവിധാനം, എക്കോ പ്രൂഫ് സൗണ്ട് സംവിധാനം എന്നിവയ്ക്കു പുറമേ വേദിയുടെ തറ തേക്ക് തടിയില്‍ നിര്‍മിക്കുകയും ചെയ്തിരുന്നു.
ഉദ്ഘാടനം നടത്തി ഒന്‍പത് മാസം കഴിയുമ്പോഴാണ് വീണ്ടും ഒന്‍പത് കോടി രൂപയിലധികം അനുവദിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."