മാലിന്യത്താല്‍ വീര്‍പ്പുമുട്ടി ജവാന് കോളനി വാസികള്‍
പ്രളയദുരിതം വിട്ടുമാറിയപ്പോഴാണ് മാലിന്യ ദുരിതവും കോളനിക്കാരെ പിടികൂടിയത്. രോഗ ഭീഷണിയിലാണ് കുടുംബങ്ങള്‍
വാടാനപ്പള്ളി: മാലിന്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് നടുവില്‍ക്കര ജവാന് കോളനി നിവാസികള്‍. പ്രളയത്തില്‍ വീടിനുളില്‍ കയറിയ ചെളി വെള്ളം ഒഴിഞ്ഞെങ്കിലും വീടുകള്‍ക്ക് സമീപമുള്ള തോടുകളില്‍ മാലിന്യജലം കെട്ടി കിടക്കുന്നതാണ് കോളനി നിവാസികളെ ദുരിതത്തിലാക്കിയത്.
പ്രളയദുരിതം വിട്ടുമാറിയപ്പോഴാണ് മാലിന്യ ദുരിതവും കോളനിക്കാരെ പിടികൂടിയത്. രോഗ ഭീഷണിയിലാണ് കുടുംബങ്ങള്‍. പുത്തില്ലത്ത് ക്ഷേത്രത്തിന് കിഴക്ക് പുഴയോരത്താണ് നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ജവാന് കോളനി.
വെള്ളം പുഴയിലേക്ക് ഒഴുകി പോകാന്‍ കഴിയാതെ തോട്ടില്‍ കെട്ടിനിന്ന് മാലിന്യമായി.വെള്ളം കറുത്ത നിറത്തില്‍ കുറുകിയ നിലയിലാണ്. ദുര്‍ഗന്ധം കാരണം കോളനി നിവാസികള്‍ വീട്ടിലിരുന്ന് മൂക്ക് പൊത്തിയാണ് ഭക്ഷണം കഴിക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ കൊതുക് ശല്യം രൂക്ഷമാണ്. പ്രളയത്തില്‍ പ്രദേശത്തെ വീടുകളില്‍ അകത്ത് പകുതി വരെ മാലിന്യ വെള്ളം നിറഞ്ഞിരുന്നു.
വെള്ളം ഒഴിഞ്ഞതോടെ ക്യാംപ് വീട്ട് വീട്ടില്‍ വന്ന കോളനിക്കാര്‍ ദിവസങ്ങളോളം പാടുപെട്ടാണ് വീട് വൃത്തിയാക്കിയത്. മാലിന്യ ജലവും ദുര്‍ഗന്ധവും കാരണം വീട് വൃത്തിയാക്കാനും മറ്റ് ആളുകള്‍ മടിച്ചു. ഇപ്പോള്‍ തോടും കുളവും മാലിന്യം നിറഞ്ഞ് കോളനി നിവാസികള്‍ ദുരിതത്തിലായിട്ടും വൃത്തിയാക്കാന്‍ അധികൃതര്‍ നടപടി കൈകൊള്ളുന്നില്ലെന്ന് വീട്ടമ്മമാര്‍ പറഞ്ഞു.
എസ്കവേറ്റര്‍ ഉപയോഗിച്ച് തോട് ആഴത്തില്‍ കോരി വെള്ളം ഒഴുകി പോകാനും സ്ലാബ് ഇടാനും പഞ്ചായത്ത് നടപടി കൈകൊള്ളണമെന്ന് കോളനിക്കാര്‍ പറഞ്ഞു . ബന്ധപ്പെട്ടവര്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."