വ്യോമസേനാ വിമാന ദുരന്തം; വാര്‍ത്ത വിശ്വസിക്കാനാവാതെ കാക്കൂര്‍
ബാലുശ്ശേരി: വ്യോമസേനാ വിമാന ദുരന്ത വാര്‍ത്ത വിശ്വസിക്കാനാവാതെ കാക്കൂര്‍ നിവാസികള്‍. കഴിഞ്ഞ ദിവസം ചെന്നൈയിലെ താംബരം വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് 29 പേരുമായി ആന്‍ഡമാനിലെ പോര്‍ട്ടുബ്ലയറിലേക്ക് പറന്നുയര്‍ന്ന വ്യോമസേനയുടെ എ.എന്‍ 32 ചരക്കു വിമാനത്തില്‍ യാത്രികനായ നാവികസേനാ ഉദ്യോഗസ്ഥന്‍ കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര്‍ അപ്പുനിവാസില്‍ രാജന്റ മകന്‍ സജീവ് കുമാറിന് വേണ്ടി (38) പ്രാര്‍ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും.
ഹൃദ്രോഗിയായ അച്ഛന്‍ രാജന്‍ കട്ടിലില്‍ തളര്‍ന്നുകിടക്കുകയാണ്. പതിനേഴ് വര്‍ഷത്തോളമായി വിവിധ നാവികസേനാ കേന്ദ്രങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു സജീവ് കുമാര്‍. മൂന്നുവര്‍ഷം മുന്‍പാണ് അന്‍ഡമാന്‍ നിക്കോബാറിലേക്ക് മാറിയത്. മകള്‍ അനു കേന്ദ്രീയ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നതിനാല്‍ സ്‌കൂള്‍ അവധിക്കാലത്ത് മാത്രമേ നാട്ടില്‍ കുടുംബസമേതം വരാറുള്ളൂ. പ്രിയതമന്‍ അപകടത്തില്‍പ്പെട്ട വിവരം ഭാര്യ ജെസിയെ അറിയിച്ചിട്ടില്ല. മൂംബൈ നേവല്‍ ബേസിലുള്ള സഹോദരന്‍ സജിത്ത് ജെസിയെയും മകളെയും അന്‍ഡമാനില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാനായി ഇന്നലെ യാത്രതിരിച്ചിട്ടുണ്ട്.
അധ്യാപികയായിരുന്ന കൂട്ടാലിട സ്വദേശി ജെസി ജോലി രാജിവച്ച് ഭര്‍ത്താവിനൊപ്പം കഴിയുകയാണ്. 15 വര്‍ഷം മുന്‍പാണ് കുരുവട്ടൂരിലെ കണ്ണന്‍കണ്ടാരിയില്‍ നിന്ന് സജീവ് കുമാറിന്റെ കുടുംബം കാക്കൂരിലെ നെല്ലിക്കുന്നുമ്മല്‍ സ്ഥലം വാങ്ങി വീടുവച്ച് താമസം തുടങ്ങിയത്. സഹോദരങ്ങള്‍ രാജീവ് (ബിസിനസ് നാഗാലന്‍ഡ് ), സജിത്ത് നേവല്‍ ബേസ് മുംമ്പൈ അമ്മ ചന്ദ്രമതി. വിവരമറിഞ്ഞ് മന്ത്രി എ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, കോഴിക്കോട് തഹസില്‍ദാര്‍ തുടങ്ങി സമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി നെല്ലിക്കുന്നുമ്മലെ അപ്പൂസ് നിവാസില്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."