മണ്ണെണ്ണ വിളക്കില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട് നാല് കുട്ടികള്‍
മുക്കംകുന്ന്: സ്വന്തമായി അടച്ചുറപ്പുള്ള വീടോ, റേഷന്‍ കാര്‍ഡോ ഇല്ലാത്ത കുടുംബത്തിലെ നാല് കുട്ടികള്‍ പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍. മുക്കംകുന്നിലെ തേയിലത്തോട്ടത്തിന് നടുവില്‍ താമസിക്കുന്ന സുബൈര്‍-ആസ്യ ദമ്പതികളുടെ മക്കളുടേതാണ് ഈ ദൈന്യത നിറഞ്ഞ കഥ. തരുവണ സ്വദേശിയായ സുബൈര്‍ 2010ല്‍ ബീഡിരോഗം പിടിപ്പെട്ടതിനെ തുടര്‍ന്നാണ് ഭാര്യവീടായ മുക്കംകുന്നിലേക്ക് താമസം മാറിയത്. അതുവരെ മീന്‍വില്‍പന ഉപജീവനമാക്കിയ സുബൈറിന്റെ കുടുംബം അല്ലലില്ലാതെ ജീവിച്ച് വരികയായിരുന്നു.
രോഗം തളര്‍ത്തിയതോടെ സുബൈറിന് ജോലിക്ക് പോകാന്‍ സാധിക്കാതെയായി. ഇതോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും താളംതെറ്റി. ഭാര്യ ആസ്യ തൊഴിലുറപ്പിനും അടുത്ത വീടുകളില്‍ സഹായത്തിനും പോയാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്. ഇതിനിടയില്‍ സുബൈറിന്റെ ചികിത്സാ ചിലവുകളും നോക്കണം.
ഒപ്പം കുട്ടികളുടെ വിദ്യഭ്യാസവും. ഭാര്യക്ക് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് നിസഹായതയോടെ സുബൈര്‍ പറയുന്നത്. സ്വന്തമായി റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അരിയടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ ഈ കുടുംബത്തിന് സൗജന്യമായി ലഭിക്കുമായിരുന്നു. എന്നാല്‍ വീടില്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡും ലഭിച്ചില്ല.
മണ്ണെണ്ണ തന്നെ പുറമെ നിന്ന് 45ഉം 50ഉം രൂപ മുടക്കി വാങ്ങിയാണ് ഈ കുടുംബം ഇപ്പോള്‍ രാത്രിയുടെ ഇരുട്ടിനെ അകറ്റുന്നത്. തൃക്കൈപ്പറ്റ ഹൈസ്‌കൂളില്‍ 10, ഒന്‍പത്, ആറ്, അഞ്ച് ക്ലാസുകളിലാണ് സുബൈറിന്റെ കുട്ടികള്‍ പഠിക്കുന്നത്. വാടക വീടുകളില്‍ വാടക കൊടുക്കാന്‍ സാധിക്കാതെ മാറിമാറി കഴിയുകയായിരുന്നു ഈ കുടുംബം. ഇപ്പോള്‍ തകര്‍ന്നു വീഴാറായ ആസ്യയുടെ തറവാട് വീട്ടിലാണ് താമസം. ആസ്യക്ക് കുടുംബ സ്വത്തുണ്ടെങ്കിലും കുടുംബാംഗങ്ങളില്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഭാഗം വെക്കാനാവാന്‍ കഴിയാത്ത സാഹചര്യമാണ്. ഇപ്പോള്‍ താമസിക്കുന്നിടത്ത് കുടിവെള്ളത്തിന് പോലും കുടുംബം ബുദ്ധിമുട്ടുകയാണ്.
ശക്തമായ ഒരു മഴ പെയ്താല്‍ തകര്‍ന്ന് വീഴാവുന്നതേയുള്ളു ഇവര്‍ക്ക് താമസിക്കുന്ന കൂര. കാലപ്പഴക്കത്താല്‍ വീടിന്റെ മേല്‍ഭാഗം ദ്രവിച്ചിരിക്കുകയാണ്. ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയാണ് ഈ കുടുംബം ഇപ്പോള്‍ കഴിയുന്നത്. അടച്ചുറപ്പുള്ള ഒരു വീടെന്ന തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സുബൈറിന് ഇപ്പോള്‍ ചികിത്സ നല്‍കുന്നത് പെയിന്‍ പാലിയേറ്റീവുകാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."