ഇസ്‌റാഈലിന് തിരിച്ചടി; പരാഗ്വെ എംബസി ടെല്‍ അവീവിലേക്ക് മാറ്റും
അസുന്‍സിയോന്‍: ഇസ്‌റാഈല്‍ എംബസി ജറൂസലമില്‍ നിന്ന് ടെല്‍ അവീവിലേക്ക് മാറ്റാനൊരുങ്ങി പരാഗ്വെ. പശ്ചിമേഷ്യയില്‍ സുതാര്യവും സമാധാനപരവുമായ നയതന്ത്രം ബലപ്പെടുത്താനായി പരാഗ്വെ ആഗ്രഹിക്കുകയാണെന്നും ഇതിനാണ് എംബസി മാറ്റുമെന്നും വിദേശകാര്യ മന്ത്രി ലൂയിസ് അല്‍ബര്‍ട്ടോ കാസ്റ്റഗ്ലോനി പറഞ്ഞു.
ഒരു മാസം മുന്‍പ് പരാഗ്വയിലെ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയാണ് മരിയ അബ്ദോ ബെനിറ്റ്‌സയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണകൂടം മാറ്റുന്നത്. എംബസി മാറ്റത്തിന്റെ ഉദ്ഘാടനത്തിന് പരാഗ്വെയുടെ മുന്‍ പ്രസിഡന്റ് ഹൊറിസിയോ കാര്‍ട്ടസ് ജറൂസലമിലെത്തിയിരുന്നു.
എന്നാല്‍, എംബസി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന്, പരാഗ്വെയിലെ എംബസി പൂട്ടാന്‍ ഇസ്‌റാഈല്‍ ബുധനാഴ്ച ഉത്തരവിട്ടു. കൂടാതെ ഇവിടെയുള്ള അംബാസഡറെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.
അതിനിടെ പരാഗ്വെയില്‍ ഉടന്‍ എംബസി തുറക്കുമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു. പരാഗ്വെയുടെ നിലാപടു മാറ്റം ഫലസ്തീന്‍ നയതന്ത്രത്തിന് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി യു.എസ് അംഗീകരിച്ചതോടെയാണ് എംബസി മാറ്റത്തിന് പരാഗ്വെയും തയാറായത്. യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ജറൂസലമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കാതെ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്കായിരുന്നു യു.എസിലെ മുന്‍ പ്രസിഡന്റുമാര്‍ ശ്രമിച്ചത്.
ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കുന്നതിലൂടെ ഈ കീഴ്‌വഴക്കത്തില്‍ നിന്നുള്ള മാറ്റമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ഇതിനെ തുടര്‍ന്ന് മേഖലയിലെ സമാധാന നീക്കത്തില്‍ യു.എസിനെ മധ്യസ്ഥരായി അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ വ്യക്തമാക്കിയിരുന്നു.
യു.എസ് തീരുമാനത്തിനെതിരേ വെസ്റ്റ് ബാങ്കിലും ഗസയിലും നടന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. കിഴക്കന്‍ ജറൂസലമിനെ ഭാവി തലസ്ഥാനമായിട്ടാണ് ഫലസ്തീന്‍ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."