ചെന്നിത്തലയുടെ ഹരജി നിലനില്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജി നിലനില്‍ക്കില്ലെന്ന് തെഞ്ഞെടുപ്പ് കമ്മിഷന്‍.
ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നതായി പൊലിസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല. വിഷയത്തില്‍ ഐ.ജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കുംവരെ തടസമുണ്ടാകാന്‍ പാടില്ല. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം ഹരജി നല്‍കാം. കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടുപോകാം.
പൊലിസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും സ്വതന്ത്ര കമ്മിഷനെ വച്ച് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ചെന്നിത്തല പ്രധാനമായും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പൊലിസിനെതിരേയുള്ള ആരോപണത്തില്‍ സംസ്ഥാന പൊലിസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതിനാല്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നുമാണ് ചെന്നിത്തല ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."