ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എക്‌സറേ യൂനിറ്റ് പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങള്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ പിന്നിടുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി മേഖലയിലെ നൂറു കണക്കിനാളുകള്‍ ആശ്രയിക്കുന്ന ഈ ആശുപത്രിയിലെ എക്‌സ്‌റേ സംവിധാനം നിലച്ചിട്ടും അധികൃതര്‍ തുടരുന്ന മൗനം ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടി വരുന്നവരോട് എക്‌സ്‌റേ പുറത്ത് നിന്നെടുക്കാനാണു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.അതല്ലെങ്കില്‍ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തണം.ഇവിടെയും എക്‌സ്‌റേ എടുക്കുന്നതിന് വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ചിലപ്പോള്‍ താമസിച്ചേ നടക്കു. മാത്രമല്ല ഇവിടത്തെ യൂനിറ്റും പല സമയങ്ങളിലും പണി മുടക്കുന്ന അവസ്ഥയാണ്.ഇത് മൂലം സാധാരണക്കാരായ രോഗികള്‍ക്ക് സമയ നഷ്ടവും ധനഷ്ടവുമുണ്ടാക്കുന്നു.
പലരും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണം ചെലവഴിച്ചാണ് ഇപ്പോള്‍ എക്‌സ്‌റേയും മറ്റും എടുക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിയോട് കിടപിടിക്കാവുന്ന ഭൗതിക സാഹചര്യങ്ങള്‍ ഫോര്‍ട്ട്‌കൊച്ചിക്കുണ്ടെങ്കിലും അധികൃതരുടെ അലംഭാവം മൂലം സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണ്.ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ലന്നാണ് ആക്ഷേപം.
ഇവിടെ പുതിയ എക്‌സ്‌റേ യൂനിറ്റ് ആരംഭിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങള്‍ വേണ്ട രീതിയില്‍ നടക്കാത്തതിനാല്‍ എങ്ങുമെത്തിയിട്ടില്ല.ആശുപത്രിയില്‍ എക്‌സ്‌റേ യൂനിറ്റ് സ്ഥാപിക്കുന്നതിന് ഫണ്ട് ഒരു തടസ്സമെല്ലന്നിരിക്കെ അധികൃതരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് വ്യക്തം.സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഇത്തരത്തില്‍ എക്‌സ്‌റേ സംവിധാനം വരുന്നത് വൈകിപ്പിക്കുന്നതെന്ന പരാതിയും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."