വയോധികയെ അക്രമിച്ച് കുടില്‍ തകര്‍ത്ത സംഭവം; അന്വേഷണം ഇഴയുന്നതായി പരാതി
നെയ്യാറ്റിന്‍കര: വൃദ്ധയും വിധവയുമായ സ്ത്രിയെ മര്‍ദിക്കുകയും താമസിച്ചിരുന്ന കുടില്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ഇഴയുന്നതായി പരാതി. ഓഗസ്റ്റ് 27 നാണ് പാലിയോട് കോട്ടയ്ക്കല്‍ കരവിളാകത്ത് വീട്ടില്‍ സുജാത അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. സുജാത പുറംപോക്കിലാണ് കുടില്‍കെട്ടി താമസിച്ചു വന്നിരുന്നത്. പുറംപോക്കില്‍ വച്ചു കെട്ടിയിരുന്ന ചെറിയ കുടില്‍ മണലൂര്‍ സ്വദേശി ഷാജുവും തൊഴുക്കല്‍ സ്വദേശികളായ കെ.വി സന്തോഷ്, മോഹനന്‍ കുട്ടപ്പന്‍, അതുല്യ, അര്‍ച്ചന എന്നിവര്‍ ചേര്‍ന്ന് വലിച്ച് പൊളിച്ചതായി സുജാത പറയുന്നു. മര്‍ദ്ദനത്തില്‍ ഇവരുടെ തലയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു.
മര്‍ദനമേറ്റതിനെ തുടര്‍ന്ന് ചോര വാര്‍ന്ന നിലയില്‍ ഇവരെ 108 ആംബുലന്‍സിലാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചത്. അ ബോധാവസ്ഥയിലായിരുന്നതിനാല്‍ അശുപത്രി അധികൃതര്‍ ഇവരെ മെഡിക്കല്‍ കോളജിലേയ്ക്ക് അയയ്ക്കുകയായിരുന്നു. ഇവരെ അഞ്ചംഗ സംഘം മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മാരായമുട്ടം പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
പരാതിയ്ക്ക് രസീതി നല്‍കിയതല്ലാതെ പൊലിസ് ഇതുവരെയും ഒരു നടപടിയും കൈകൊണ്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു. വിധവയും അബലയുമായ സ്ത്രിക്കെതിരേ നടന്ന ക്രൂര ആക്രമണത്തിനെതിരെ പൊലിസ് നടപടി സ്വീകരിക്കാത്തതിനാല്‍ നെയ്യാറ്റിന്‍ക ഡിവൈ.എസ്.പി, എസ്.പി, ആഭ്യന്തരമന്ത്രി, വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍, പൊലിസ് കംപ്ലയിന്റ് അതോറിട്ടി തുടങ്ങിയവയെ സമീപിക്കുമെന്ന് സുജാത പറഞ്ഞു.
എന്നാല്‍ സുജാതയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസ് പറയുന്നത് സുജാതയ്ക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നതായും ഇപ്പോള്‍ താമസിക്കുന്ന സ്ഥലം കോടതിയില്‍ കേസ് ഉള്ളതാണെന്നും അതിനാലാണ് അതിക്രമിച്ച് കുടില്‍ കെട്ടിയ ഇവരെ തുരത്താന്‍ ചിലര്‍ ശ്രമിച്ചതെന്നുമാണ്.
വീട് പൊളിക്കുന്ന സമയത്ത് സുജാതയുടെ കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി തട്ടി മുറിവുണ്ടായതെന്നാണ് സുജാതയെ മര്‍ദിച്ചവര്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."