ബാലവേല: തൊഴിലുടമകളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം; പരിശോധന കര്‍ശനമാക്കും
ബാലവേല ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പൊതുജനങ്ങള്‍ ചൈല്‍ഡ്‌ലൈന്‍ ട്രോള്‍ഫ്രീ നമ്പറായ 1098ല്‍ ബന്ധപ്പെടണം
കാസര്‍കോട്: ബാലവേല നിര്‍മാര്‍ജനത്തിനായി സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന കര്‍ശനമാക്കാന്‍ ജില്ലാതല ടാസ്‌ക്‌ഫോഴ്‌സ് യോഗം തീരുമാനിച്ചു. ബാലവേല ചെയ്യിച്ച തൊഴിലുടമകളെ അറസ്റ്റു ചെയ്യാനും യോഗം ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ഉപയോഗിച്ചു ജില്ലയില്‍ ബാലവേല ചെയ്യിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന ശക്തമാക്കാന്‍ ടാസ്‌ക് ഫോഴ്‌സ്‌യോഗം തീരുമാനിച്ചു.
അടുത്തിടെ ആദൂര്‍, ബദിയഡുക്ക എന്നിവിടങ്ങളിലെ വീടുകളില്‍നിന്നു രണ്ടു കുട്ടികളെ ബാലവേലയില്‍ നിന്നു മോചിപ്പിച്ച് സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചിരുന്നു. തൊഴിലുടമകളെ അറസ്റ്റു ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈ.എസ്.പിക്ക് എ.ഡി.എം നിര്‍ദേശം നല്‍കി.
ബാലവേല ശ്രദ്ധയില്‍പ്പെടുന്ന പക്ഷം തൊഴിലുടമയ്ക്ക് രക്ഷപ്പെടാനുള്ള പഴുത് നല്‍കാതെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടി പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാതല ടാസ്‌ക്‌ഫോഴ്‌സിന്റെ യോഗം ഇന്നലെ എ.ഡി.എം എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ജില്ലാ ലീഗല്‍ സര്‍വിസ് അതോറിട്ടി സെക്രട്ടറിയും സബ്ജഡ്ജുമായ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് ലേബര്‍ കമ്മിഷണര്‍ (സെന്‍ട്രല്‍) വി.ടി തോമസ്, നാര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി നന്ദന്‍പിള്ള, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ മാധുരി.എസ് ബോസ്, കാസര്‍കോട് ആര്‍.ഡി.ഒ പി.എ അബ്ദുല്‍സമദ്, ജില്ലാലേബര്‍ഓഫിസര്‍ (ഇ)കെ.എ ഷാജു, ജില്ലാശിശുസംരക്ഷണ ഓഫിസര്‍ പി. ബിജു, കാസര്‍കോട് ഡി.ഇ.ഒ എന്‍. നന്ദികേശന്‍, സി.കെ നാരായണ്‍, ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറിസ് ആന്‍ഡ് ബോയിലേഴ്‌സ് ടി.ടി വിനോദ്കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാരായ എം. ജയകൃഷ്ണ, വി.എം കൃഷ്ണന്‍, ലീഗല്‍ കം പ്രൊബേഷന്‍ ഓഫിസര്‍ (ഡി.സി.പി.യു) എ. ശ്രീജിത്, ചൈല്‍ഡ്‌ലൈന്‍ ജില്ലാകോഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് പങ്കെടുത്തു.
ബാലവേലക്കെതിരേ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും തീരുമാനിച്ചു. ബാലവേല ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പൊതുജനങ്ങള്‍ ചൈല്‍ഡ്‌ലൈന്‍ ട്രോള്‍ഫ്രീ നമ്പറായ 1098ല്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."