പാലം അപകടത്തില്‍; കണ്ണടച്ച് അധികൃതര്‍
ആലക്കോട്: കരുവഞ്ചാല്‍ വെള്ളാട് റോഡിലെ ആണ്ടു കുന്നേല്‍ തോടിനു കുറുകെയുള്ള പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.
മുപ്പതു വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലം അറ്റകുറ്റപണികള്‍ നടത്താതതിനെ തുടര്‍ന്നാണ് പൊളിഞ്ഞു വീഴാറായത്. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെ അഞ്ചോളം ബസുകളും നൂറുകണക്കിന് വാഹനങ്ങളും നിത്യേന കടന്നു പോകുന്ന പാലമാണിത്. കരുവഞ്ചാലില്‍ നിന്നും പൈതലമല, പാലക്കയം തട്ട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള എളുപ്പ മാര്‍ഗമായതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ പോലും ഇതുവഴിയാണ് കടന്നു പോകുന്നത്. അടുത്ത കാലത്തായി റോഡ് മെക്കാടം ടാറിംഗ് നടത്തിയെങ്കിലും പാലം പുനര്‍ നിര്‍മ്മിക്കാനോ അറ്റകുറ്റപണികള്‍ നടത്താനോ ബന്ധപെട്ടവര്‍ തയ്യാറായിട്ടില്ല.
കൈവരികള്‍ തകരുകയും സ്ലാബുകളില്‍ വിള്ളല്‍ രൂപപ്പെടുകയും ചെയ്തതോടെ ജീവന് പണയം വെച്ചാണ് ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നത്. ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലത്തിനു കുലുക്കം അനുഭവപ്പെടുന്നതായി സമീപ വാസികള്‍ പറഞ്ഞു.
സ്ലാബുകളുടെ അടിവശം അടര്‍ന്നു വീണതോടെ ഇരുമ്പ് കമ്പികള്‍ വെളിയില്‍ കാണുന്ന സ്ഥിതിയാണ്. പാലം പുനര്‍ നിര്‍മ്മിക്കുകയോ ബലപ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ വലിയൊരു ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."