HOME
DETAILS
MAL
കൈമാറാത്ത സ്‌നേഹം അയക്കാത്ത കത്താണ്
backup
October 03 2020 | 22:10 PM
ട്രൈനര്‍ തന്റെ ക്ലാസില്‍ രസകരമായൊരു പരീക്ഷണം നടത്തി. ശ്രോതാക്കളോട് പറഞ്ഞു: ''നിങ്ങള്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു മെസേജ് വിടണം. മെസേജ് ഇത്രമാത്രം: I love you..!''
നിര്‍ദേശം കൊള്ളാം. പക്ഷേ, അനുസരിക്കാന്‍ ചെറിയൊരു പ്രയാസം.. പലരും ആദ്യമാദ്യം മടിച്ചുനിന്നു. ട്രൈനര്‍ നിര്‍ബന്ധിച്ചപ്പോള്‍ മെസേജ് വിടാതെ നിര്‍വാഹമില്ലെന്നായി. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് എല്ലാവരും വാട്‌സാപ്പില്‍ മെസേജ് വിട്ടു; i love u
മിനിറ്റുകള്‍ കഴിഞ്ഞതേയുള്ളൂ. പൊള്ളുന്ന മറുപടികള്‍ വരാന്‍ തുടങ്ങി. ഒരാള്‍ക്ക് കിട്ടിയ മറുപടി ഇങ്ങനെ: ''നിങ്ങള്‍ ഭ്രാന്താശുപത്രിയിലെത്തിയോ..? എന്താ സംഭവിച്ചത്...?''
മറ്റൊരാള്‍ക്കു കിട്ടിയ മെസേജ്: ''നിങ്ങളുടെ ഫോണ്‍ മോഷണം പോയെന്നു തോന്നുന്നല്ലോ..''
വേറൊരാള്‍ക്കു കിട്ടിയത്: ''നിങ്ങളുടെ പേരു വെളിപ്പെടുത്തിയാല്‍ കൊള്ളാമെന്നുണ്ട്..''
ക്ലാസില്‍ ചിരിയുടെ മാലപ്പടക്കം.. കുറെ നേരം അവരാ സന്ദേശങ്ങള്‍ ആസ്വദിച്ചു.
ട്രൈനര്‍ ചോദിച്ചു: ''എന്താണ് ഈ മെസേജുകളുടെ അര്‍ഥം..?''
ആരും മറുപടി പറഞ്ഞില്ല. തല്‍ക്കാലം അവര്‍ ചെറുപുഞ്ചിരിയില്‍ മാത്രം കാര്യമൊതുക്കി.
''കാലങ്ങളായി കിട്ടാനാഗ്രഹിച്ച ഒരു കാര്യം പെട്ടെന്നൊരുനാള്‍ അവിചാരിതമായി കിട്ടുമ്പോഴുണ്ടാകുന്ന അന്താളിപ്പില്ലേ. അതാണ് നിങ്ങളുടെ ഭാര്യമാര്‍ക്കുണ്ടായത്. നിങ്ങളുടെ വായില്‍നിന്ന് 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു'വെന്ന ഒരു വാക്ക് കേള്‍ക്കുന്നത് നിങ്ങളുടെ ജീവിതപങ്കാളിക്ക് വിശ്വസിക്കാന്‍ കഴിയാത്തതാണെന്നു പറഞ്ഞാല്‍ വരണ്ടുണങ്ങിയതാണ് നിങ്ങളുടെ ദാമ്പത്യജീവിതം എന്നാണതിനര്‍ഥം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് ഇണയോട് നിങ്ങള്‍ പറയാറില്ല. സാധാരണയായി പറയേണ്ടവ അസാധാരണമായി തീരുകയും അസാധാരണമായി പറയേണ്ടവ സാധാരണമായി തീരുകയും ചെയ്ത വൈപരീത്യമാണ് ദാമ്പത്യബന്ധങ്ങളില്‍ സംഭവിച്ചികൊണ്ടിരിക്കുന്നത്. സ്‌നേഹം മനസിലൊതുക്കിവയ്‌ക്കേണ്ടതല്ല, പുറത്തു പ്രകടിപ്പിക്കേണ്ടതാണ്. മനസിലാതൊക്കിയാല്‍ സ്‌നേഹമുണ്ടോ എന്ന് മനസിലാവില്ല. മനസിലായില്ലെങ്കില്‍ ജീവിതപങ്കാളിയും സ്‌നേഹം മനസിലൊതുക്കും. അവരുടെ സ്‌നേഹം നിങ്ങള്‍ക്കും മനസിലാവില്ല. ഒടുവില്‍ പരസ്പരം മനസിലാവാതെ വെറുപ്പും വിദ്വേഷവുമായി നടക്കേണ്ടിവരും.'' ട്രൈനര്‍ വിശദീകരിച്ചു.
നിങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് ഒരു കത്തെഴുതി എന്നിരിക്കട്ടെ. പക്ഷേ, ആ കത്ത് സുഹൃത്തിന് അയച്ചില്ല. പകരം നിങ്ങളത് നിങ്ങളുടെ കീശയില്‍വച്ചു നടന്നു. ദിവസങ്ങള്‍ക്കുശേഷം സുഹൃത്തിനെ കണ്ടുമുട്ടി. അദ്ദേഹത്തോട് പറഞ്ഞു: ''ഞാന്‍ നിനക്ക് കത്തെഴുതിയിരുന്നു..'' ഇതു കേട്ടാല്‍ സുഹൃത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.. സുഹൃത്ത് പറയും; എനിക്ക് കിട്ടിയിട്ടില്ല.
നിങ്ങള്‍ കത്തെഴുതി എന്നതു സത്യമാണ്. സുഹൃത്തിന് അതു കിട്ടിയിട്ടില്ലെന്നതും സത്യമാണ്. സത്യത്തില്‍ ഇതാണ് പല ദാമ്പത്യബന്ധങ്ങളിലും നിലനില്‍ക്കുന്നത്. കത്ത് എഴുതിയതുകൊണ്ടുമാത്രം കാര്യമില്ല, സുഹൃത്തിന് അയക്കണം. അയക്കാന്‍ പോസ്റ്റല്‍ മാര്‍ഗം സ്വീകരിക്കാം. സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കാം. സ്‌നേഹം ഉള്ളില്‍ വച്ചുനടന്നാല്‍ ഇണയ്ക്ക് അതു ലഭിക്കില്ല. അവള്‍ക്കുവേണ്ടി എത്ര കഷ്ടപ്പെട്ടാലും എത്ര പണം ചെലവിട്ടാലും അവള്‍ പറയും നിങ്ങളുടെ സ്‌നേഹം ഇതുവരെ എനിക്കു കിട്ടിയിട്ടില്ലെന്ന്. അതില്‍ അന്തിച്ചുനിന്നിട്ടു യാതൊരു കാര്യവുമുണ്ടാകില്ല. നിങ്ങള്‍ നിങ്ങളുടെ കത്ത് എഴുതുവച്ചിട്ടേയുള്ളൂ; അയച്ചിട്ടില്ല. അയയ്ക്കാത്ത കത്ത് ഒരിക്കലും ലക്ഷ്യത്തിലെത്തില്ല. കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് സ്‌നേഹം. അതു മനസില്‍നിന്നെടുത്ത് നിങ്ങള്‍ ഇണയ്ക്കു കൊടുക്കണം. അതിനു വാക്കുകളെയും നോക്കുകളെയും ആശ്രയിക്കാം. സ്പര്‍ശനത്തെയും മാര്‍ഗമാക്കാം.
ശാരീരികബന്ധംകൊണ്ട് മാനസികബന്ധം ഉണ്ടായിക്കൊള്ളണമെന്നില്ല. മാനസികബന്ധമാണ് ദാമ്പത്യജീവിതത്തെ ആരോഗ്യകരമാക്കിനിര്‍ത്തുന്നത്. ശാരീരികബന്ധമുണ്ടായിട്ടും ചില ദമ്പതികള്‍ പലപ്പോഴും പാമ്പും കീരിയുമായി മാറുന്നത് മാനസികബന്ധമില്ലാത്തതുകൊണ്ടാണ്. ശരീരവും ശരീരവും എത്രമേല്‍ ഗാഢമായി പുണര്‍ന്നുനില്‍ക്കുന്നുവോ അതിനേക്കാള്‍ ശക്തിയില്‍ പുണര്‍ന്നുനില്‍ക്കേണ്ടതാണ് ഹൃദയവും ഹൃദയവും. ശാരീരികബന്ധത്തിന് ശരീരങ്ങള്‍ തമ്മില്‍ അടുത്തുനില്‍ക്കണം. ഹൃദയ ബന്ധത്തിന് ശരീരങ്ങള്‍ അകന്നാലും പ്രശ്‌നമില്ല. എത്ര ദൂരെനിന്നും ഹൃദയത്തിന് ഹൃദയത്തെ പുണരാന്‍ കഴിയും.
ഭൗതികപദാര്‍ഥങ്ങള്‍ കൈമാറുമ്പോള്‍ ശരീരം ശരീരവുമായി അടുക്കുന്നു. എന്നാല്‍ സ്‌നേഹം കൈമാറുമ്പോള്‍ ഹൃദയം ഹൃദയവുമായി അടുക്കുന്നു. ''എനിക്ക് നിന്നോട് വല്ലാത്ത സ്‌നേഹമാണ്'' എന്ന് മനസറിഞ്ഞ് ഇണയോട് പറഞ്ഞുനോക്കൂ, അത്ഭുതങ്ങള്‍ സംഭവിക്കുന്നതു കാണാം. സംസാരിക്കുമ്പോള്‍ ഇണയുടെ കണ്ണില്‍ നോക്കി സംസാരിക്കാന്‍ പലര്‍ക്കും മടിയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ ഇണയുടെ വായില്‍ ഉരുളുകള്‍ വച്ചുകൊടുക്കുകയെന്നത് ചിലര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. ഉണ്ടാക്കിയ ഭക്ഷണത്തില്‍ വല്ല പാകപ്പിഴകളും സംഭവിച്ചാല്‍ ദേഷ്യംപിടിക്കുന്നവര്‍ ഭക്ഷണം നന്നായാല്‍ 'നന്നായി' എന്നു പറയാന്‍ ചങ്കൂറ്റം കാണിക്കില്ല. സ്‌നേഹം പ്രകടിപ്പിക്കുമ്പോള്‍ എന്തൊക്കെയോ കുറവുകള്‍ സംഭവിക്കുന്നപോലെ.. ഒരു തരം ഭീരുത്വം. എന്നാല്‍ വെറുപ്പു പ്രകടിപ്പിക്കാന്‍ യാതൊരു മടിയുമില്ല, പേടിയുമില്ല. മടിയും പേടിയുമില്ലാതെ സ്‌നേഹം കൈമാറ്റം ചെയ്യപ്പെടാതെ ദാമ്പത്യം ആരോഗ്യകരമായി മുന്നോട്ടുപോകില്ലതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."