കേരളാ കോണ്‍ഗ്രസില്‍ അധികാര വടംവലി വഴിത്തിരിവില്‍
എം.ഷഹീര്‍
കോട്ടയം: പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാനുള്ള ജോസ് കെ. മാണിയുടെ നീക്കത്തിന് പി.ജെ ജോസഫ് തടയിടുമെന്ന് ഉറപ്പായതോടെ കേരളാ കോണ്‍ഗ്രസ് (എം) ലെ അധികാര വടംവലി വഴിത്തിരിവിലേക്ക്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും അഭിപ്രായ ഭിന്നതയില്ലെന്നുമുള്ള ജോസ് കെ. മാണിയുടെ പ്രഖ്യാപനം പാര്‍ട്ടിയില്‍ ചലനങ്ങളുണ്ടാക്കില്ല. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള അധികാരം പി.ജെ ജോസഫിനാണെന്നിരിക്കെ അദ്ദേഹം അതിന് തയാറാകാത്തിടത്തോളം യോഗം നടക്കാനും സാധ്യതയില്ല. യോഗം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ ഒപ്പു ശേഖരണമുള്‍പ്പെടെയുള്ള നീക്കവുമായി മാണി വിഭാഗവും രംഗത്തുണ്ട്. എന്നാല്‍ ഈ ആവശ്യം ജോസഫ് അംഗീകരിക്കാനിടയില്ല.
മാണി ഗ്രൂപ്പിന് ഭൂരിപക്ഷമുള്ള സംസ്ഥാന കമ്മിറ്റി യോഗം നടന്നാല്‍ പി.ജെ ജോസഫിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഭീഷണിയാകുമെന്നത് കൊണ്ട് തന്നെയാണ് യോഗം വിളിക്കാതിരിക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നത്.
അങ്ങനെ വന്നാല്‍ ജോസഫ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പിന് ജോസ് കെ. മാണിക്ക് വഴങ്ങേണ്ടതായി വരും. സി.എഫ് തോമസിനെ പാര്‍ട്ടി ചെയര്‍മാനും പി.ജെ ജോസഫിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ജോസ് കെ. മാണിയെ വര്‍ക്കിങ് ചെയര്‍മാനുമാക്കാനുമുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലയുമാണ് ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നത്.
കൂടാതെ പാലാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ജോസഫ് വിഭാഗം ഉന്നയിക്കുന്നുണ്ട്. നിഷ ജോസ് കെ. മാണിയെ പാലായില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള മാണി വിഭാഗത്തിന്റെ ആഗ്രഹത്തിന് മേല്‍ തടസം നില്‍ക്കുക വഴി സമ്മര്‍ദതന്ത്രവും കൂടിയാണ് ജോസഫ് പയറ്റുന്നത്. പാര്‍ട്ടിയിലെ മാണിയുടെ അടുപ്പക്കാരായ ജോയി ഏബ്രഹാമും സി.എഫ് തോമസും അടക്കമുള്ള പ്രമുഖര്‍ ജോസഫ് വിഭാഗവുമായി അടുപ്പത്തിലായതാണ് ജോസ് കെ. മാണിക്ക് മുന്നിലുള്ള പ്രതിസന്ധി.
ഒത്തുതീര്‍പ്പിന് തയാറാകാതെ സംസ്ഥാന കമ്മിറ്റി യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയാല്‍ പി.ജെ ജോസഫ് മാണി വിഭാഗത്തിനെതിരേ അച്ചടക്ക നടപടിയെടുക്കേണ്ടി വരും.
അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കങ്ങളില്‍ ആരു മേല്‍കൈ നേടുമെന്ന ാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."