കരിപ്പൂരില്‍ കുറവ് നെടുമ്പാശ്ശേരിയില്‍ കൂടുതല്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്ക് കരിപ്പൂരില്‍ കുറഞ്ഞ നിരക്ക്. ഹജ്ജിന്റെ മൂന്നാം ഗഡു തുക കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോഴാണ് കാറ്റഗറിക്കനുസരിച്ച് കരിപ്പൂരിലും നെടുമ്പാശ്ശേരിയിലുമായി 1006 രൂപയുടെയും രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ നിരക്കില്‍ 1059 രൂപയുടെയും നിരക്ക് വ്യത്യാസം വന്നത്.
കരിപ്പൂരില്‍ വിമാന നിരക്ക് 68,040 രൂപയാണ്. എന്നാല്‍ കൊച്ചിയില്‍ 67,964 രൂപയാണ്. എയര്‍പോര്‍ട്ട് ടാക്‌സായി കരിപ്പൂരില്‍ 4381 രൂപയും കൊച്ചിയില്‍ 5463 രൂപയുമാണ് ഈടാക്കുന്നത്. ഇതാണ് നിരക്കില്‍ വ്യത്യാസം വരാന്‍ കാരണം. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകള്‍ വരുന്നതും വ്യത്യസ്ഥ നിരക്ക് നല്‍കേണ്ടി വരുന്നതും.
കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റായി തിരഞ്ഞെടുത്തവര്‍ക്ക് മൂന്നാം ഗഡു തുക എന്‍.സി.എന്‍.ടി, സെഡ് കാറ്റഗറിയിലുള്ളവര്‍ (മക്കക്ക് ഒന്നര കി.മീറ്റര്‍ ചുറ്റളവില്‍ താമസ സൗകര്യം) 81,550 രുപയാണ് അടക്കേണ്ടത്. അസീസിയ കാറ്റഗറിയില്‍ ഉള്ളവര്‍ 44,500 രൂപയും അടക്കണം. എന്നാല്‍ നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ പോയിന്റായി തെരഞ്ഞെടുത്തവര്‍ എന്‍.സി.എന്‍.ടി, സെഡ് കാറ്റഗറിയിലുള്ളവര്‍ 82,550 രുപയാണ് അടക്കേണ്ടത്. അസീസിയ കാറ്റഗറിയില്‍ ഉള്ളവര്‍ 45,500 രൂപയും അടക്കണം.
രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടക്കേണ്ട തുകയില്‍ കരിപ്പൂരിനേക്കാള്‍ 1050 രൂപയാണ് നെടുമ്പാശ്ശേരി തിരഞ്ഞെടുത്തവര്‍ അധികം അടക്കേണ്ടത്. കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്തവര്‍ 12,200 രൂപ അടക്കണം. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ 13,250 രൂപയാണ് അടക്കേണ്ടത്.
ഹജ്ജ് അപേക്ഷയില്‍ ബലികര്‍മ്മം കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ മൂന്നാം ഗഡുവിനൊപ്പം 9,150 രൂപ അധികം അടക്കണം. മുഴുവന്‍ തുകയും ജൂണ്‍ 20ന് മുന്‍പായി അടച്ചിരിക്കണം. പണമടക്കുന്നവര്‍ അവരുടെ കവര്‍ നമ്പര്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പരിശോധിച്ച്, അക്കമഡേഷന്‍ കാറ്റഗറിയും എംബാര്‍ക്കേഷന്‍ പോയിന്റും ക്ലിപ്തപ്പെടുത്തണം. പണമടച്ച ശേഷം രശീതിയുടെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പി ഹജ്ജ് കമ്മിറ്റി ഓഫിസിലേക്ക് അയക്കണം. നേരത്തെ ഓരോ തീര്‍ഥാടകരും ഒന്നും രണ്ടും കാറ്റഗറിയായി 2,01,000 രൂപ അടച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് മൂന്നാം ഗഡു അടക്കേണ്ടത്.
തിരിച്ചറിയാന്‍ മക്കനയില്‍ ദേശീയപതാക
ആലേഖനം ചെയ്ത സ്റ്റിക്കറും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകരെ തിരിച്ചറിയാന്‍ ലോഹവളയും സ്ത്രീകളുടെ മക്കനയില്‍ ദേശീയപതാക ആലേഖനം ചെയ്ത സ്റ്റിക്കറും.
ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ കൂട്ടംതെറ്റിപ്പോയാലും അപകടങ്ങളില്‍പെട്ടാലും പെട്ടെന്ന് തിരിച്ചറിയാനാണ് കയ്യില്‍ ലോഹവള ധരിപ്പിക്കുന്നത്. ലോഹവളയില്‍ തീര്‍ഥാടകന്റെ കവര്‍ നമ്പര്‍, രാജ്യം തുടങ്ങിയവ കൊത്തിവയ്ക്കും.
തീപിടിത്തമടക്കമുള്ള അപകടങ്ങളില്‍ പെട്ടാല്‍വരെ ലോഹവള നശിക്കാത്തതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായകമാവും. ലോഹവളയും വിസ സ്റ്റാമ്പിങ് നടത്തിയ പാസ്‌പോര്‍ട്ടും ഐ.ഡി കാര്‍ഡും ഹജ്ജ് സര്‍വിസ് ആരംഭിക്കുന്നതിന് മുന്‍പായി ഹജ്ജ് ക്യാംപില്‍ എത്തിക്കും.
സ്ത്രീകളുടെ മുഖമക്കനയുടെ പിറകിലായാണ് ദേശീയ പതാക ആലേഖനം ചെയ്ത സ്റ്റിക്കര്‍ പതിക്കുക. അല്‍ഹിന്ദ് എന്ന് അറബിയിലും ഇന്ത്യ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി എന്ന് ഇംഗ്ലീഷിലും സ്റ്റിക്കറില്‍ രേഖപ്പെടുത്തും.
സ്റ്റിക്കറിന്റെ രണ്ട് വശങ്ങളിലായാണ് ദേശീയപതാകയുടെ ഓരോ ചിത്രങ്ങളും ചേര്‍ത്തിട്ടുള്ളത്. കവര്‍ നമ്പറും മൊബൈല്‍ നമ്പറും എഴുതിച്ചേര്‍ക്കാനുള്ള സ്ഥലവും സ്റ്റിക്കറിലുണ്ടാകും.
ഹജ്ജ് മൂന്നാംഘട്ട ക്ലാസില്‍ മക്കനയില്‍ പതിക്കാനുള്ള സ്റ്റിക്കര്‍ വനിത തീര്‍ഥാടകര്‍ക്ക് നല്‍കും.
ഇവര്‍ മക്കനയുടെ പിറകിലായി ഇവ തുന്നിപ്പിടിപ്പിക്കണം. ഇന്ത്യയില്‍ മക്കനയില്‍ ദേശീയപതാകയുള്ള സ്റ്റിക്കര്‍ പതിച്ച് ഹജ്ജ് തീര്‍ഥാടകര്‍ പുറപ്പെടുന്ന ഏക സംസ്ഥാനമാണ് കേരളം.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് 13194 പേര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാനായി ഇതുവരെ അവസരം കൈവന്നത്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."