നസീറിനെ വധിക്കാന്‍ ശ്രമിച്ചത് ടി.പിയുടെ ഘാതകരെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ചത് ടി.പിയുടെ ഘാതകരെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സി.പി.എമ്മിന്റെ തെറ്റായ ചെയ്തികള്‍ തുറന്നുകാട്ടിയതിനാലാണ് ടി.പി ചന്ദ്രശേഖരനെ സി.പി.എം കൊലപ്പെടുത്തിയത്. അതേപാത പിന്തുടര്‍ന്നതിനാലാണ് നസീറിന് നേരെയും അക്രമം നടത്തിയത്. സി.ഒ.ടി നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ ശക്തമായി തുറന്നുകാട്ടിയ മുന്‍ ഡി.വൈ.എഫ്.ഐ നേതാവാണ് നസീര്‍. ആക്രമണത്തിനുപിന്നില്‍ പരിശീലനം ലഭിച്ച സി.പി.എം ഗുണ്ടകളാണ്. നസീറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു സി.പി.എമ്മിന്റെ ലക്ഷ്യം.
മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും വടകര മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയുടെയും അറിവോടെയാണ് ആക്രമണം. നസീറിനെ വധിക്കാന്‍ ശ്രമിച്ചവരെയും ആസൂത്രണം ചെയ്തവരെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, ആര്‍.എം.പി.ഐ നേതാവ് കെ.കെ രമ തുടങ്ങിയവരും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ശനിയാഴ്ച രാത്രി തലശേരിയില്‍ വച്ചാണ് സി.ഒ.ടി നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം നസീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. നസീര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, ആക്രമിച്ചത് മുന്‍പരിചയമില്ലാത്തവരാണെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പൊലിസിന് മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."