പി. ജയരാജന്റെ കരങ്ങളുണ്ടെന്ന് സംശയിക്കണം: കെ. മുരളീധരന്‍
തിരുവനന്തപുരം: സി.പി.എം മുന്‍ നേതാവും വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തില്‍ പി.ജയരാജന്റെ കരങ്ങളുണ്ടെന്ന് സംശയിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജയരാജന്‍ ഇതില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
നസീറിന് കിട്ടുന്ന വോട്ടുകള്‍ സ്വാഭാവികമായി സി.പി.എമ്മിനാണ് നഷ്ടമാകുക. സി.പി.എം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാകണം നസീറിന് നേരെ ആക്രമണം നടന്നിരിക്കുക. തെരഞ്ഞെടുപ്പിനുശേഷം വടകരയില്‍ അക്രമങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും പൊലിസ് നടപടി സ്വീകരിച്ചില്ല.
യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആര്‍.എം.പി നേതാക്കളെ ആക്രമിക്കുന്ന സ്ഥിതിയുമുണ്ട്. വോട്ടെടുപ്പിനെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിനുപോലും കുറ്റംപറയുന്ന സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്റെയും എം.വി ജയരാജന്റെയും ഭാഷ സംഘിയുടേതാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
സി.പി.എമ്മിന് അണികളോടുപോലും
അസഹിഷ്ണുത: വി. മുരളീധരന്‍
തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടികളോട് മാത്രമല്ല സ്വന്തം അണികളോടുപോലും സി.പി.എമ്മിന് അസഹിഷ്ണുതയുണ്ടെന്നതിന് തെളിവാണ് സി.ഒ.ടി നസീറിന് നേരെയുണ്ടായ ആക്രമണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ എം.പി.
ടി.പി ചന്ദ്രശേഖരനോട് കാണിച്ചതിന്റെ തുടര്‍ച്ചയാണ് നസീറിനോടും സി.പി.എം കാണിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നുപറഞ്ഞ് കൈകഴുകുകയും പിന്നീട് പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. ഈ ആക്രമണത്തിന് ശേഷമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും അത്തരത്തിലുള്ളതാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യാന്‍ മടിക്കുന്ന ക്രൂരകൃത്യമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."