എന്‍.ഡി.എ അനുകൂല എക്സിറ്റ് പോള്‍: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്ക് മികച്ച വിജയം പ്രവചിച്ചതോടെ ഓഹരി വിപണി ഇന്നലെ റെക്കോര്‍ഡ് നേട്ടത്തില്‍ കുതിച്ചു.
2009നുശേഷം ഇതാദ്യമായാണ് വ്യാപാര ദിനത്തില്‍ സൂചികകള്‍ ഇത്രയും ഉയരുന്നത്. സെന്‍സെക്സ് 1421.90 പോയന്റ് ഉയര്‍ന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തില്‍ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ സെന്‍സെക്സ് 960 പോയന്റ് ഉയര്‍ന്നിരുന്നു.
ഇന്നലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വിപണിയില്‍ കുതിപ്പു പ്രകടമായി.
ബി.എസ്.ഇയിലെ 2013 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 613 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഫ്ര, വാഹനം, ഊര്‍ജം, എഫ്.എം.സി.ജി, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്.
ഇന്ത്യബുള്‍സ് ഹൗസിങ്, എസ്.ബി.ഐ, യെസ് ബാങ്ക്, എല്‍.ആന്‍ഡ്.ടി, എച്ച്.ഡി.എഫ്.സി, മാരുതി സുസുകി, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. അതേസമയം ഡോ. റെഡ്ഡീസ് ലാബ്, സീ എന്റര്ടെയ്ന്മെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ദേശീയതലത്തില്‍ 10 ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വേകളില്‍ ഒന്‍പതിലും എന്‍.ഡി.എയ്ക്കാണ് വ്യക്തമായ ഭൂരിപക്ഷം. 10 സര്‍വേകളുടെയും പൊതുശരാശരി പ്രകാരം, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ 304 സീറ്റ് നേടുമെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."