പ്രീമിയര്‍ ലീഗില്‍ വന്‍ വീഴ്ചകള്‍
ലണ്ടന്‍: കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ച രണ്ടു മത്സരങ്ങള്‍. രണ്ടിലും അട്ടിമറികള്‍. ഒന്ന് കഴിഞ്ഞ നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂളാണെങ്കില്‍ മറ്റേത് ലീഗ് ഫുട്‌ബോളിലെ പ്രതാപികളായ യുനൈറ്റഡാണ് വന്‍ വീഴ്ചയില്‍ പെട്ടുപോയത്. ഇരുവരും പരാജയപ്പെട്ടതാവട്ടെ, അഞ്ച് ഗോളുകളുടെ വ്യത്യാസത്തിലും. താരതമ്യേന ദുര്‍ബലരായ ആസ്റ്റന്‍ വില്ലയോട് 7-2നാണ് 2019ലെ കിരീട ചാംപ്യന്‍മാര്‍ മുട്ടുകുത്തിയത്. അതേസമയം, ലിവര്‍പൂളിന്റെ മത്സരത്തിന് തൊട്ടു മുന്‍പു നടന്ന മത്സരത്തില്‍ ടോട്ടനമാണ് യുനൈറ്റഡിനെ 6-1ന് കീഴ്‌പ്പെടുത്തിയത്.
ആസ്റ്റന്‍ വില്ലയുടെ ഗ്രൗണ്ടില്‍ ആതിഥേയര്‍ ലിവര്‍പൂളിനെ ശരിക്കും നാണം കെടുത്തി. തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ലിവര്‍പൂള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ സ്വന്തം വലയില്‍ ഗോളുകള്‍ വീഴുന്നത് കണ്ട് ചാംപ്യന്‍മാര്‍ അമ്പരന്നു. ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് നേടിയ ഇംഗ്ലിഷ് മുന്നേറ്റ താരം ഒലി വാറ്റ്കിന്‍സാണ് ലിവര്‍പൂളിന്റെ പതനത്തിന് അടിത്തറ പാകിയത്. ജാക്ക് ഗ്രീലിഷ് ഇരട്ടഗോള്‍ നേടി. ലിവര്‍പൂളിനായി മുഹമ്മദ് സലാഹ് ഇരട്ടഗോള്‍ കണ്ടെത്തി. പന്ത് കൈവശം വയ്ക്കുന്നതില്‍ ലിവര്‍പൂള്‍ കൂടുതല്‍ മിടുക്കു കാട്ടി. ഇരുടീമും മത്സരിച്ചാണ് എതിര്‍ പോസ്റ്റിലേക്ക് ഗോളുതിര്‍ത്തത്. ഇക്കാര്യത്തില്‍ ആസ്റ്റന്‍ വില്ല ഒരുപിടി മുന്നില്‍ നിന്നു. ലിവര്‍പൂള്‍ 14 ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തപ്പോള്‍ 18 തവണയാണ് ആസ്റ്റന്‍ വില്ല ലിവര്‍പൂളിനെ വിറപ്പിച്ചത്. 1953ന് ശേഷം ആദ്യമായാണ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാംപ്യന്‍മാരായ ഒരു ടീം ഏഴ് ഗോളുകള്‍ വഴങ്ങുന്നത്.
സലാഹ്- ഫിര്‍മിനോ- ഡിയോഗോ ജോട്ട ത്രയത്തെ ആക്രമണ കുന്തമുന ഏല്‍പ്പിച്ച് 4-3-3 ശൈലിയിലാണ് കോച്ച് ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ കളത്തിലിറക്കിയത്. എതിരാളിയും അതേ തന്ത്രം പയറ്റി.
മത്സരത്തിലെ നാലാം മിനുട്ടില്‍ തന്നെ വാറ്റ്കിന്‍സിലൂടെ ലിവര്‍പൂള്‍ ഞെട്ടി. മത്സരത്തിലെ ആദ്യ ഗോള്‍ താരത്തിന്റെ കാലില്‍ നിന്നും പിറന്നു. ജാക്ക് ഗ്രീലിഷായിരുന്നു വഴികാട്ടി. തുടര്‍ന്ന് 22ാം മിനുട്ടിലും ഇതേ മുന്നേറ്റം വീണ്ടും ഗോളടിച്ചു. എന്നാല്‍ 33ാം മിനുട്ടില്‍ സലാഹിലൂടെ മറുപടി നല്‍കി ലിവര്‍പൂള്‍ ട്രാക്കിലായെന്ന് കരുതി. പക്ഷേ, ആ ആവേശം അധികം നീണ്ടില്ല. 35ാം മിനുട്ടില്‍ സ്‌കോട്ടിഷ് താരം ജോണ്‍ മഗ്ഗിനിലൂടെ വീണ്ടും ആസ്റ്റന്‍ വില വല കുലുക്കി. നാല് മിനുട്ടുകള്‍ക്കകം ഹാട്രിക് ഗോളും നേടി വാറ്റ്കിന്‍സ് ആസ്റ്റന്‍ വില്ലയുടെ തുറുപ്പു ചീട്ടായി.
തുടര്‍ന്നുള്ള രണ്ടാം പകുതിയിലും ലിവര്‍പൂളിന് രക്ഷയുണ്ടായില്ല. 55ാം മിനുട്ടില്‍ ഇംഗ്ലിഷ് താരം റോസ് ബാര്‍ക്ലി ആസ്റ്റന്‍ വില്ലയ്ക്ക് നാലാം ഗോളും സമ്മാനിച്ചു.
അഞ്ച് മിനുട്ടുകള്‍ക്കകം ഇരട്ടഗോളിലൂടെ സലാഹ് ഗോളിന്റെ കനം കുറച്ചു. പക്ഷേ, എതിര്‍ ടീമിന്റെ ഗോളടിമേളം അവിടെയും തീര്‍ന്നില്ല. അവസാന രണ്ട് ഗോളും സ്വന്തമാക്കി ഗ്രീലിഷ് ആസ്റ്റന്‍ വില്ലയുടെ ഗോള്‍ നേട്ടം പൂര്‍ണമാക്കി. 66ാം മിനുട്ടിലും 75ാം മിനുട്ടിലുമായിരുന്നു ഗ്രീലിഷിന്റെ ഗോള്‍നേട്ടം. ജയത്തോടെ ആസ്റ്റന്‍ വില്ല പോയിന്റ് പട്ടികയില്‍ 12 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്‍പത് പോയിന്റുള്ള ലിവര്‍പൂള്‍ അഞ്ചാമതാണ്.
തട്ടകത്തില്‍ തോറ്റ്
യുനൈറ്റഡ്
സ്വന്തം മൈതാനമായ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കൂപ്പുകുത്തിയത്. യുനൈറ്റഡിന്റെ മുന്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയുടെ കുട്ടികളോടാണ് നിലവിലെ സോള്‍ഷ്യറിന്റെ ശിഷ്യര്‍ പരാജയപ്പെട്ടതെന്നത് ടോട്ടനത്തിന്റെ ജയത്തിന് ഇരട്ടിമധുരം നല്‍കുന്നു. 28ാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യല്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതാണ് യുനൈറ്റഡിന് തിരിച്ചടിയായത്. ഹാരി കെയ്‌നും സണ്‍ ഹ്യുങ് മിന്നും സ്പര്‍സിനായി ഇരട്ടഗോളുകള്‍ നേടി.
ആന്റണി മാര്‍ഷ്യലിനെ അറ്റാക്കിങ് സ്‌ട്രൈക്കറാക്കി പിന്നാലെ റാഷ്‌ഫോര്‍ഡ്- ഫെര്‍ണാണ്ടസ്- ഗ്രീന്‍വുഡ് ത്രയത്തെ മുന്നില്‍ നിര്‍ത്തി 4-2-3-1 എന്ന ശൈലിയിലാണ് യുനൈറ്റഡ് അണിനിരന്നത്. മറുവശത്ത് എറിക് ലമേല- ഹാരി കെയ്ന്‍- ഹ്യൂ മിന്‍ സണ്‍ ത്രയത്തെ മുന്നേറ്റം ഏല്‍പ്പിച്ച് 4-3-3 ശൈലിയിലാണ് ടോട്ടനം കളി മെനഞ്ഞത്. ടോട്ടനത്തിന്റെ ആധിപത്യമാണ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പന്തടക്കത്തിലും ഗോളുതിര്‍ക്കുന്നതിലും മൊറീഞ്ഞോയുടെ കുട്ടികള്‍ മികച്ചു നിന്നു.
യുനൈറ്റഡിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ടോട്ടനത്തിന്റെ ഗോളടിമേളം. രണ്ടാം മിനുട്ടില്‍ തന്നെ വീണു കിട്ടിയ പെനല്‍റ്റി വലയിലെത്തിച്ച് പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസാണ് യുനൈറ്റഡിനായി അക്കൗണ്ട് തുറന്നത്.
പക്ഷേ, തുടക്കത്തിലെ മികവ് പുലര്‍ത്താന്‍ പിന്നീട് യുനൈറ്റഡിനായില്ല. നാലാം മിനുട്ടില്‍ ടാന്‍ഗുയ് ഡോംബെലെയിലൂടെ ടോട്ടനം തിരിച്ചടിച്ച് സമനിലയിലാക്കി. മൂന്ന് മിനുട്ടുകള്‍ക്കകം ഹ്യൂങ് മിന്‍ സണ്ണിലൂടെ യുനൈറ്റഡ് ലീഡും സ്വന്തമാക്കി. പിന്നീടങ്ങോട്ട് വാഴാന്‍ യുനൈറ്റഡിനെ ടോട്ടനം അനുവദിച്ചില്ല. 30ാം മിനുട്ടില്‍ നായകന്‍ ഹാരി കെയ്ന്‍, 37ാം മിനുട്ടില്‍ വീണ്ടും ഹ്യൂങ് മിന്‍ സണ്‍ എന്നിവരും യുനൈറ്റഡ് വല തുളച്ചതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ടോട്ടനം 4-1ന് മുന്നില്‍.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തുമായാണ് ടോട്ടനം ഇറങ്ങിയതെങ്കിലും പ്രതിരോധം കടുപ്പിച്ചതോടെ ഗോളുകളുടെ എണ്ണം കുറഞ്ഞു. രണ്ടാം പകുതിയില്‍ രണ്ട് ഗോളാണ് പിറന്നത്. 51ാം മിനുട്ടില്‍ സെര്‍ജി ഒറിയറും 79ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെ ഹാരി കെയ്‌നുമാണ് രണ്ടാം പകുതിയിലെ ടോട്ടനത്തിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
ജയത്തോടെ ടോട്ടനം ഏഴ് പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്ന് കളികളില്‍ രണ്ടിലും പരാജയപ്പെട്ട യുനൈറ്റഡ് 16ാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."