പാരിപ്പള്ളി മെഡിക്കല്‍ കോളജ് അധ്യയനത്തിന് അനുമതി ആവശ്യപ്പെട്ട് ഹരജി നല്‍കി
കൊല്ലം: പാരിപ്പള്ളി മെഡിക്കല്‍ കോളജിന് 2017-18 അധ്യായന വര്‍ഷത്തേക്കുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോധാ കമ്മിറ്റിക്ക് ഹരജി നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടും അനുമതി നിഷേധിച്ച മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശ പുനഃപരിശോധിക്കാന്‍ തയ്യാറാകാത്ത നടപടി ന്യായീകരിക്കാവുന്നതല്ല.
സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വം പാവപ്പെട്ട ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുന്നതാണ് എം.സി.ഐ തീരുമാനം. കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട 580 കോടി രൂപ മുടക്കി സജ്ജമാക്കിയ കെട്ടിടങ്ങളും ഉപകരണങ്ങളും ഉപയോഗിക്കാതിരിക്കുന്നത് പൊതുഖജനാവിനുണ്ടാകുന്ന നഷ്ടമാണ്.
നിയമാനുസരണമുള്ള നടപടികള്‍ സമയബന്ധിതമായി പാലിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസത്തിന്റെ സാങ്കേതികത്വം പറഞ്ഞ് കോളജിന്റെ അനുമതി തള്ളിയ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനം യുക്തിക്ക് നിരക്കുന്നതല്ല. പൊതുഖജനാവിലെ പണം മുടക്കി സജ്ജീകരിച്ച സര്‍ക്കാര്‍ കോളജിന് അതിന്റേതായ പരിഗണന നല്‍കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തയ്യാറായില്ല.
കോളജ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേധാവികളുടെ പക്ഷം ചേര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.
കശുവണ്ടി കയര്‍ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെ പരമ്പരാഗത തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമാകുന്ന കൊല്ലത്തെ ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് പാരിപ്പള്ളി.
സാധാരണക്കാരന് ചികിത്സാ സൗകര്യം നല്‍കുന്നതിനും തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കുന്നതിനും കോളജിന്റെ അനുമതി അനിവാര്യമാണ്. പ്രതിവര്‍ഷം ഇരുപത്തി നാലായിരം രൂപ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ മക്കളായ 35 പേര്‍ക്ക് പഠിക്കാനുള്ള സൗകര്യമാണ് കോളേജിന് അനുമതി ലഭിച്ചില്ലെങ്കില്‍ നഷ്ടമാകുന്നത്.
കോളജിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ കമ്മിറ്റി മുമ്പാകെ നേരില്‍ ഹാജരാകാന്‍ തയ്യാറാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. 2017-18 അധ്യായന വര്‍ഷം തന്നെ കോളജിന്റെ അനുമതിക്കായി എല്ലാ പരിശ്രമവും തുടരുമെന്നും സംസ്ഥാന സര്‍ക്കാര്‍ ആ നിലവാരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."