സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശം കണ്ടെത്തി: എം ശിവശങ്കറിനെതിരേ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
കൊച്ചി: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ നിര്‍ണായക പരാമര്‍ശങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിനും പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ പറയുന്നത്. ശിവശങ്കറും സ്വപ്‌നയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചു. ശിവശങ്കറിനെതിരെ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റപത്രത്തിലെ 13, 14 പേജുകളിലാണ് ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരിക്കുന്നത്. സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം തുടങ്ങുന്നതുമുതലുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. സ്വപ്‌നയുമായി ശിവശങ്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്.
സ്വപനയും സരിത്തും സന്ദീപും ചേര്‍ന്ന് കള്ളപ്പണ ഇടപാട് നടത്തിയെന്ന് ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 303 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളുടെ പക്കല്‍ അനധികൃത സ്വത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്. വരവില്‍ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ട്. രേഖകള്‍ ഇല്ലാതെയാണ് ഇവയെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം കള്ളപ്പണ ഇടപാടുകള്‍ നടന്നതിന് തെളിവാണെന്ന് ഇ.ഡി വാദിക്കുന്നു. പ്രതികള്‍ക്കെതിരായ കുറ്റം തെളിഞ്ഞുവെന്ന് കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. മൂന്ന് പേര്‍ക്കും ജാമ്യം കൊടുക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന് കോടതി ശിക്ഷാനടപടി സ്വീകരിക്കണം എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."