'ബി.ജെ.പി വഞ്ചിച്ചു'; ബന്ധം ഉപേക്ഷിച്ച് മഹാരാഷ്ട്ര മുസ്ലിം സംഘ്
ന്യൂഡല്‍ഹി: മറാത്ത മുസ്ലിംകള് നടത്തുന്ന നൂറോളം സര്‍ക്കാരിതര സംഘടന (എന്‍.ജി.ഒ) കളുടെ പൊതുവേദിയായ മഹാരാഷ്ട്ര മുസ്ലിം സംഘ് (എം.എം.എസ്) ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
2014ലെ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കു മുസ്ലിം പോക്കറ്റുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കാന്‍ സഹായിച്ച എം.എം.എസ്, ബി.ജെ.പി തങ്ങളെ വഞ്ചിച്ചെന്നു കുറ്റപ്പെടുത്തിയാണ് ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനു മുന്‍പു ബി.ജെ.പി നല്കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചെന്നും തങ്ങളുമായി ചര്‍ച്ച നടത്താന്‍പോലും മുഖ്യമന്ത്രിയോ ബി.ജെ.പി സംസ്ഥാന നേതൃത്വമോ തയാറായില്ലെന്നും എം.എം.എസ് അധ്യക്ഷന്‍ ഫാകിര്‍ മുഹമ്മദ് താക്കൂര്‍ ആരോപിച്ചു.
സാമൂഹിക പ്രവര്‍ത്തകനും ഭരണഘടനാ ശില്പിയായ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള ഭരിപ് ബഹുജന്‍ മഹാസംഘുമായി ചേര്‍ന്നു ബി.ജെ.പിക്കെതിരേ പ്രവര്‍ത്തിക്കാനാണ് എം.എം.എസിന്റെ തീരുമാനം. വ്യാഴാഴ്ച പ്രകാശ് അംബേദ്കറുമായി ഫാകിര്‍ മുഹമ്മദ് ചര്‍ച്ച നടത്തുകയുംചെയ്തു. ബി.ജെ.പിക്കെതിരേ ഒന്നിച്ചുനില്‍ക്കുമെന്നു ഫാകിര്‍ മുഹമ്മദ് പറഞ്ഞു. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മഹാസഖ്യത്തിനൊപ്പം നില്‍ക്കുമെന്ന സൂചനയും അദ്ദേഹം നല്കി. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി ദലിത് കൂട്ടായ്മകള്‍ രൂപീകരിച്ചുവരികയാണ് പ്രകാശ് അംബേദ്കര്‍. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കുവേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങിയ പാര്‍ട്ടിയാണ് മുസ്ലിം സംഘ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."