സുരക്ഷാ വീഴ്ചയെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍
ന്യൂഡല്‍ഹി: വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്നതില്‍ വീഴച വരുത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനാസ്ഥയെ വിമര്‍ശിച്ച് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ. എസ്.വൈ ഖുറേഷി. ഇ.വി.എം സൂക്ഷിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും ഇവ പാലിച്ചില്ലെന്നും എസ്. വൈ ഖുറേഷി കുറ്റപ്പെടുത്തി.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ ഇ.വി.എമ്മുകള്‍ കടകളിലും വാഹനങ്ങളിലും കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം എല്ലാ ഇ.വി.എമ്മുകളും, വോട്ടെടുപ്പിന് ഉപയോഗിച്ചതും അല്ലാത്തതും, എല്ലായ്‌പ്പോഴും സായുധ സേനയുടെ സംരക്ഷണത്തിലായിരിക്കണമെന്നാണ് ഇ.വി.എം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടത്തില്‍ പറയുന്നത്.' അദ്ദേഹം പറയുന്നു.
പോള്‍ ചെയ്ത ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുന്ന സമയത്തു തന്നെ ബാക്കിവന്ന എല്ലാ ഇ.വി.എമ്മുകളും ഇ.വി.എം സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ് റൂമിലേക്ക് മാറ്റണം. സുരക്ഷിതത്വമില്ലാതെ മെഷിനുകള്‍ എവിടെയെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും ഖുറേഷി പറഞ്ഞു. പോളിങ് ഓഫിസര്‍മാരുടെ ഭാഗത്തുനിന്നും വീഴ്ചകളുണ്ടാവാമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ തെരഞ്ഞെടുപ്പു കമ്മിഷന്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ജാന്‍സി, ബിഹാറിലെ സരന്‍, മഹാരഞ്ജ് ഗഞ്ച് എന്നിവിടങ്ങളില്‍ നിന്ന് ഇ.വി.എമ്മുകള്‍ വാനുകളിലൂടെ കടത്തുന്ന വിഡിയോകള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇ.വി.എമ്മുകള്‍ കടത്തുന്നതിനെ പ്രതിഷേധക്കാരായ ജനങ്ങള്‍ തടഞ്ഞിരുന്നു. ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം നിഷേധിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ പീന്നീട് അന്വേഷണത്തിന് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."