കുട്ടികള്‍ വോട്ടിങ് യന്ത്രങ്ങള്‍ ചുമക്കുന്ന ചിത്രം പുറത്തുവിട്ട് തേജസ്വി യാദവ്
ന്യൂഡല്‍ഹി: തീര്‍ത്തും അശ്രദ്ധമായാണ് വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ആരോപിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ആരോപണം സ്ഥിരീകരിക്കും വിധം കുട്ടികള്‍ വോട്ടിങ് യന്ത്രങ്ങള്‍ ചുമന്നുകൊണ്ടുപോവുന്ന ചിതങ്ങളും അദ്ദേഹം പുറത്തുവിട്ടു. ബാലവേലയിലൂടെയാണ് ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോവുന്നതെന്ന് ചിത്രങ്ങള്‍ പങ്കുവച്ച് അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യേണ്ട നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളിലാണ് ഇവ കടത്തുന്നത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ യന്ത്രങ്ങള്‍ മുസാഫര്‍പൂരിലെ ഹോട്ടലിലേക്കാണ് കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ പിടിച്ചെടുക്കുകയും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിഹാറില്‍ രണ്ടു ലോക്‌സഭാ മണ്ഡങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് സമീപത്തുനിന്ന് ഒരു ലോറി വോട്ടിങ് യന്ത്രങ്ങള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിഡിയോകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ നിന്നുള്ള വിഡിയോയില്‍ ഒരു കൂട്ടം പേര്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും വാഹനത്തില്‍ നിന്ന് ഇറക്കി ഒരു കടയിലേക്കു മാറ്റുന്നത് വ്യക്തമാണ്. വോട്ടിങ് യന്ത്രങ്ങള്‍ കാറില്‍ സൂക്ഷിച്ചതായി മറ്റൊരു വിഡിയോയിലുമുണ്ട്. ഈ സാഹചര്യത്തിലാണ് തേജസ്വിയുടെ പ്രതികരണം.
അതേസമയം, ഹിമാചല്‍പ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ വോട്ടെടുപ്പിനു മുന്നോടിയായി നടന്ന മോക് പോള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മറന്നു. ഞായറാഴ്ചയാണ് ഹിമാചലില്‍ വോട്ടെടുപ്പ് നടന്നത്. വിഷയം അന്വേഷിക്കുമെന്നും കുറ്റക്കാരായ അഞ്ച് പ്രിസൈഡിംഗ് ഉദ്യോഗസ്ഥരെയും 15 പോളിംഗ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുമെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചീഫ് ദേവേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ മാണ്ഡി, സിംല, ഹമിര്‍പുര്‍ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് മോക് പോള്‍ നീക്കം ചെയ്യാത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥ വോട്ടെടുപ്പ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാണോ എന്ന് ഉറപ്പുവരുത്താന്‍ അമ്പതോളം വോട്ടര്‍മാരെ നിയോഗിച്ച് മോക് പോള്‍ നടത്തേണ്ടത്. പോളിംഗ് ഏജന്റിന്റെ മുമ്പാകെ നടത്തുന്ന മോക് പോള്‍ ഫലങ്ങള്‍ പരസ്യമാക്കുകയും വേണം. പിന്നീട് വോട്ടെടുപ്പിനു മുന്‍പായി ഇവ നീക്കം ചെയ്യേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."