ന്യൂനപക്ഷ കമ്മിഷന്‍ തൊടുപുഴയില്‍ സിറ്റിംഗ് നടത്തി
തൊടുപുഴ : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ സിറ്റിംഗ് നടത്തി. ജില്ലയില്‍ നിന്നും പതിനൊന്ന് പരാതികളാണ് കമ്മിഷന്‍ മുന്‍പാകെ ഉണ്ടായിരുന്നത്. ഇതില്‍ നാല് പരാതികള്‍ക്കാണ് കമ്മിഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് തീര്‍പ്പ് കല്‍പ്പിച്ചത്.
ഉടുമ്പന്നൂരിലുള്ള നിര്‍ദ്ധന കുടുംബത്തിലെ വീട്ടമ്മയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വീട്ട് വളപ്പില്‍ നിന്നിരുന്ന ആറു കുറ്റി തേക്കുമരം വെട്ടുന്നതിന് ഉടുമ്പന്നൂര്‍ വില്ലേജ് ഓഫീസര്‍, തൊടുപുഴ തഹസീല്‍ദാര്‍, ഇടുക്കി കളക്ടര്‍ എന്നിവര്‍ക്ക് വീട്ടമ്മയുടെ മകന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ അപേക്ഷകന്റെ ബന്ധു പരാതി നല്‍കിയതിനാല്‍ എട്ട് മാസമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചില്ല.എന്നാല്‍ ഉടുമ്പന്നൂര്‍ വില്ലേജ് ഓഫീസര്‍ കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച ഫയലില്‍ അപേക്ഷകന് സ്വന്തം ഭൂമിയിലുള്ള ആറു കുറ്റി തേക്ക് മരം മുറിക്കുന്നതിന് നിയമ തടസ്സം ഇല്ലാ എന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വീട്ടമ്മയുടെ ചികിത്സാ കാര്യങ്ങള്‍ മുടങ്ങിയ സാഹചര്യത്തില്‍ ഹര്‍ജിക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും ആറു കുറ്റി തേക്കുമരം മുറിക്കുന്നതിന് ഹര്‍ജിക്കാരുടെ അപേക്ഷ ലഭിക്കുന്ന മുറക്ക് തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ നടപടി സ്വീകരിച്ച് അതിന്റെ വിവരങ്ങള്‍ കമ്മിഷന്‍ മുന്‍പാകെ നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കി.ഉപ്പുതറയിലുള്ള ക്രിസ്ത്യന്‍ സാംബവര്‍ വിഭാഗത്തിലുള്ളതും ജന്മനാ മൂകയും ബധിരയും 95 ശതമാനം വികലാംഗയും രണ്ടു പെണ്‍കുട്ടികളുടെ അമ്മയുമായ സ്ത്രീയുടെ റേഷന്‍ കാര്‍ഡ് ബി. എപി. എല്‍. വിഭാഗത്തിലായിരുന്നു. എന്നാല്‍ കമ്മിഷന്‍ ഇടപെടലിനെ തുടര്‍ന്ന് ജില്ലാ സപ്പ്‌ളൈ ഓഫിസര്‍ അന്വേഷണം നടത്തി ഹര്‍ജിക്കാരിയുടെ റേഷന്‍ കാര്‍ഡ് ബി. പി. എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതായി സപ്പ്‌ളൈ ഓഫീസര്‍ കമ്മിഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.എഴുകുംവയല്‍ പ്രദേശത്ത് വയോജനങ്ങള്‍ക്കു വേണ്ടി പണിയുന്ന പകല്‍ വീടിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കാനും പകല്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ പകരം സംവിധാനം ഒരുക്കാനും പഞ്ചായത്ത് സെക്രട്ടറിക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹന പദ്ധതിയില്‍ ഗുണഭോക്താവായ വനിതയെ ഒഴുവാക്കിയത് സംബന്ധിച്ചു കമ്മിഷന്‍ മുന്‍പാകെ പരാതി വന്നിരുന്നു.
എന്നാല്‍ പരാതികരിക്ക് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മുച്ചക്ര വാഹനം നല്‍കിയത് സംബന്ധിച്ചു ഇടുക്കി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കമ്മിഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ വരുമാനപരിധി സംബന്ധിച്ചു വ്യക്തമായ മാര്‍ഗ്ഗനിര്‍ദര്‍ശം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുവാനും ഇത് സംബന്ധിച്ചുള്ള പരാതിയില്‍ കമ്മിഷന്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."