ചരിത്രം വഴിമാറി; പാലക്കാട്ട് ശ്രീകണ്ഠന്‍ തന്നെ
പാലക്കാട്ട് ചരിത്രം വഴിമാറി. യു.ഡി.എഫ് മുന്നേറ്റത്തില്‍ ചെങ്കോട്ട തകര്‍ന്നു. എല്‍.ഡി.എഫ് വിജയിക്കുമെന്നു കണക്കുകൂട്ടിയിരുന്ന സംസ്ഥാനത്തെ ലോക്‌സഭാ മണ്ഡലങ്ങളിലൊന്നായ പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ മികച്ച വോട്ടിനാണ് വിജയിച്ചത്. സിറ്റിങ് എം.പി എല്‍.ഡി.എഫിലെ എം.ബി രാജേഷ് 1,05,300 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ യു.ഡി.എഫ് മുന്നേറ്റം എല്ലാ പ്രവചനങ്ങളെയും തള്ളിക്കളയുന്നതായി.
ആദ്യഫലസൂചന പുറത്തുവന്നതു മുതല്‍ തന്നെ ശ്രീകണ്ഠന്‍ മുന്നേറുന്ന കാഴ്ചയായിരുന്നു. അപ്രതീക്ഷിതമായെത്തിയ ഈ അത്ഭുത വിജയം യു.ഡി.എഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. എ.കെ.ജി മുതല്‍ നായനാര്‍ വരെ ചെങ്കൊടി പാറിച്ച പാലക്കാടന്‍ മണ്ണ് പിടിച്ചടക്കാന്‍ ശ്രീകണ്ഠന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടുവെന്നു വേണം വിലയിരുത്താന്‍. തുടര്‍ച്ചായി രണ്ടുതവണ എം.ബി രാജേഷ് വിജയിച്ച മണ്ഡലത്തില്‍ ശ്രീകണ്ഠന്റെ തേരോട്ടം പുതുചരിത്രമാണ്. 2009 സതീശന്‍ പാച്ചേനിയെ 1820 വോട്ടിനും 2014ല്‍ എം.പി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടിനുമാണ് രാജേഷ് പരാജയപ്പെടുത്തിയത്. ഇത്തവണ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷിയിലായിരുന്നെങ്കിലും സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തില്‍ അതെല്ലാം തകിടം മറിഞ്ഞു.
പാലക്കാട് ജില്ലയിലെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാവും ഡി.സി.സി അധ്യക്ഷനുമാണ് വി.കെ. ശ്രീകണ്ഠന്‍. വിദ്യാര്‍ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 1993ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ ശ്രീകണ്ഠന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്‌നങ്ങളില്‍ സജീവ സാന്നിധ്യമാണ്.
2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിയിറ്റിയിലെ കോണ്‍ഗ്രസ് അംഗം. 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായും കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ല്‍ ഒറ്റപ്പാലത്തുനിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ചേലക്കര മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച മുന്‍ വനിതാ കമ്മിഷന്‍ അംഗം കൂടിയായ പ്രഫ. കെ.എ തുളസിയാണ് ഭാര്യ. എം. കൊച്ചുകൃഷ്ണന്‍ നായര്‍ വി. കാര്‍ത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."