ചില എന്‍.ഐ.എ ഡയറിക്കുറിപ്പുകള്‍
യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തു കേസ് അന്വേഷണം എന്‍.ഐ.എ തകൃതിയായി തന്നെ തുടരുകയാണ്. ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും അവര്‍ കണ്ടെത്തിയതായി അന്വേഷണം തുടങ്ങിയ കാലത്തു തന്നെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സ്വര്‍ണക്കടത്തിന് ഭീകരവാദികളുമായി ബന്ധമുണ്ട്, ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ട് തുടങ്ങി പലതും. ഇങ്ങനെ കാടിളക്കി അന്വേഷണം മുന്നേറുന്നതിനിടയില്‍ പ്രതികളുടെ ജാമ്യഹരജി പരിഗണിച്ച എന്‍.ഐ.എയുടെ പ്രത്യേക കോടതി എന്‍.ഐ.എയോടു തന്നെ ചില ചോദ്യങ്ങള്‍ ചോദിച്ചു. കേസിലെ ഭീകരബന്ധത്തിന് തെളിവെവിടെ എന്നും 90 ദിവസം അന്വേഷിച്ചിട്ടും തെളിവൊന്നും കിട്ടിയില്ലേ എന്നും. അതിനു വ്യക്തമായൊരു മറുപടി കൊടുക്കാന്‍ എന്‍.ഐ.എയ്ക്കായില്ലെന്നാണ് മാധ്യമവാര്‍ത്തകളില്‍ കാണുന്നത്. അതിനവരെ കുറ്റം പറയേണ്ട കാര്യമൊന്നുമില്ല. ഓരോന്നിനും അതിന്റേതായ സമയമുണ്ടല്ലോ.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മറ്റൊരു കേസില്‍ എന്‍.ഐ.എ ഒരു കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി. 2019 ഡിസംബറില്‍ തീവ്രവാദ സംഘടനയായ അല്‍ ഹിന്ദ് ഗ്രൂപ്പില്‍ പെട്ട 17 പേരെ എന്‍.എ.എ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ നമ്മള്‍ മലയാളികളെ ഞെട്ടിക്കുന്നതാണ്. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാടുകളില്‍ പ്രവിശ്യ സ്ഥാപിക്കാന്‍ ഐ.എസ് പദ്ധതിയിട്ടിരുന്നത്രെ. അതിനു വേണ്ടി അവര്‍ കാട്ടുകള്ളന്‍ വീരപ്പന്റെ പഴയ റൂട്ട് മാപ്പ് സംഘടിപ്പിച്ച് കാണാപ്പാഠം പഠിച്ചിരുന്നെന്നും അതിലുണ്ട്.
മാവോയിസ്റ്റുകളെപ്പോലെ എവിടെയൊക്കെയോ ഉണ്ടെന്ന് പറയപ്പെടുന്നതല്ലാതെ കേരളത്തില്‍ ആരും കണ്ടിട്ടില്ലാത്ത കൂട്ടരാണ് ഐ.എസ്. ഉണ്ടെങ്കില്‍ തന്നെ അതിന്റെ അനുഭാവികളടക്കമുള്ള ആള്‍ബലം സി.പി ജോണിന്റെ സി.എം.പിയിലുള്ളതിന്റെ പത്തിലൊന്നു പോലും വരില്ലെന്നുറപ്പാണ്. അവരാണിവിടെ പ്രവിശ്യ സ്ഥാപിക്കാനൊക്കെ ആലോചിക്കുന്നത്.
വലിയ ആള്‍ബലവും സമ്പത്തും അധികാരവുമൊക്കെയുള്ള സി.പി.എമ്മും ബി.ജെപിയുമൊക്കെ ഒരുപാടു കാലം ശ്രമിച്ചിട്ടും മുടക്കോഴിമല പോലുള്ള അല്ലറചില്ലറ പാര്‍ട്ടി ഗ്രാമങ്ങള്‍ മാത്രമാണ് ഉണ്ടാക്കാനായത്. പ്രവിശ്യ സ്ഥാപിക്കാന്‍ അവരൊക്കെ ശ്രമിച്ചാലും നടക്കുമെന്നും തോന്നുന്നില്ല. അങ്ങനെയുള്ളൊരു നാട്ടില്‍ ഐ.എസിന് ഇതു സാധിക്കുമോ എന്നൊക്കെ ചോദിക്കുന്നതിലൊന്നും അര്‍ത്ഥമില്ല. ഐ.എസുകാര്‍ വല്ലാത്ത പഹയന്‍മാരാണെന്ന് സിറിയയിലും ഇറാഖിലുമൊക്കെ നടന്ന കാര്യങ്ങള്‍ കേട്ടാല്‍ അറിയാമല്ലോ. മാത്രമല്ല ദ്രോണാചാര്യയുടെ സാന്നിധ്യമില്ലാതെ തന്നെ അദ്ദേഹത്തിനു ശിഷ്യപ്പെട്ട് പഠിച്ച ഏകലവ്യന്‍ ധനുര്‍വിദ്യയില്‍ അഗ്രഗണ്യനായതുപോലെ വീരപ്പനെ കാണാതെ തന്നെ ഗുരുവാക്കിയ ഐ.എസുകാര്‍ കാട്ടുപോരില്‍ ഒട്ടും മോശക്കാരനാവാനുമിടയില്ല.
നമ്മുടെ മൂക്കിനു താഴെ മറ്റൊരു കേസ് എന്‍.ഐ.എയുടെ കൈയിലെത്തിയിട്ടുണ്ടല്ലോ. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അലന്‍, താഹ എന്നീ സി.പി.എം പ്രവര്‍ത്തകരായ ചെറുപ്പക്കാരെ മാവോയിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധമാരോപിച്ച് കേരള പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയതോടെയായിരുന്നു കേസിനു തുടക്കം. അന്ന് കേരള പൊലിസ് കേസ് ഡയറി എഴുതിയിരുന്നു. ചെ ഗുവേരയ്ക്കും സി. അച്യുതമേനോനുമൊക്കെ ഉണ്ടായിരുന്നതുപോലെ ഡയറി എഴുതുന്ന ശീലം കേരള പൊലിസിനും സി.ബി.ഐക്കും എന്‍.ഐ.എയ്ക്കുമൊക്കെ ഉണ്ടല്ലോ. ഈ യുവാക്കളുടെ കൈയില്‍ ചില ലഘുലേഖകളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മാര്‍ക്‌സിന്റെയും ലെനിന്റെയും ചിത്രങ്ങളും ഉണ്ടായിരുന്നെന്നൊക്കെ കേരള പൊലിസിന്റെ ഡയറിയിലുണ്ടായിരുന്നു. പിന്നെ ഇവരുടെ കൂടെ ഉസ്മാനെന്ന ഒരു കൊടുംഭീകരനായ മലയാളി മാവോയിസ്റ്റും ഉണ്ടായിരുന്നെന്നും പൊലിസിനെ കണ്ട് ഓടി രക്ഷപ്പെട്ട അയാളെ കൂടി പിടികൂടാനുണ്ടെന്നും കൂടി അതില്‍ എഴുതിയിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത എന്‍.ഐ.എ ആ ഡയറിയുടെ ഈച്ചക്കോപ്പി പകര്‍ത്തിയെഴുതി.
എന്നാല്‍ ഇവരുടെ അറസ്റ്റ് നടന്ന് ഏതാണ്ട് ഒരു വര്‍ഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ഈ ഉസ്മാനെ പിടികൂടാന്‍ കേരള പൊലിസിനോ എന്‍.ഐ.എക്കോ ആയിട്ടില്ല. അതുകൊണ്ടു തന്നെ കൈയിലുള്ള ഡയറിയില്‍ പുതുതായി ഒരു പേജ് പോലും എഴുതിച്ചേര്‍ക്കാനായിട്ടുമില്ല.
പത്തു മാസം പിന്നിട്ടിട്ടും ഈ കേസില്‍ പുതിയ തെളിവൊന്നും കണ്ടാത്താനായില്ലേ എന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അലനും താഹയ്ക്കും ജാമ്യം കൊടുത്തപ്പോള്‍ കോടതി എന്‍.ഐ.എയോട് ചോദിച്ചിരുന്നു. എന്‍.ഐ.എ കാര്യമായ മറുപടിയൊന്നും പറഞ്ഞിട്ടില്ല. ഈ മാവോയിസ്റ്റ് ഉസ്മാന്‍ ആരാണെന്നോ ഏതു നാട്ടുകാരനാണെന്നോ മലയാളികള്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടുമില്ല. വലിയ സൗകര്യങ്ങളോടെ ഒളിവില്‍ പോയ സ്വപ്ന സുരേഷിനെ ദിവസങ്ങള്‍ക്കകം പിടികൂടാനായ ഇക്കാലത്ത് ബസില്‍ കയറാന്‍ പോലും കൈയില്‍ കാശില്ലാതെ ഏതെങ്കിലും വീടുകളില്‍ ചെന്ന് അരിയും പരിപ്പും ഇരന്നുവാങ്ങി ജീവിക്കുന്ന ഒരു മാവോയിസ്റ്റ് ഉസ്മാനെ ഇത്ര കാലമായിട്ടും പിടികൂടാനായില്ലേ എന്ന് നാട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ടും കാലം കുറെയായി. അതിലൊന്നും കാര്യമില്ല. എന്‍.ഐ.എ ചുമ്മാ ഒന്നും പറയില്ല. അവര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ഉസ്മാന്‍ എവിടെയെങ്കിലും കാണും. പിടികൂടുകയും ചെയ്യും. വരാനുളള ഉസ്മാന്‍ വഴിയില്‍ തങ്ങില്ലല്ലോ.അതുപോലെ ഇതേ എന്‍.ഐ.ഐ തന്നെ അന്വേഷിക്കുന്ന സ്വര്‍ണക്കടത്തു കേസും ഇതുപോലെ എവിടെയെങ്കിലുമൊക്കെ എത്തുമായിരിക്കും.
അബ്ദുല്ലക്കുട്ടിയെ ആക്രമിച്ചതാര്?
പാര്‍ട്ടികള്‍ രണ്ടെണ്ണം കടന്ന് ഒടുവില്‍ ബി.ജെ.പിയിലെത്തിയ എ.പി അബ്ദുല്ലക്കുട്ടിയെ അവര്‍ 'ദേശ് കീ നേതാ' ആയി തെരഞ്ഞെടുത്തത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. അതിന്റെ ഒരു ഗമയില്‍ അദ്ദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വടക്കോട്ടു പോകുമ്പോള്‍ രാത്രി മലപ്പുറം ജില്ലയില്‍ ഒരിടത്ത് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ആരൊക്കെയോ അദ്ദേഹത്തെ ആക്രമിക്കാന്‍ ചെന്നെന്നും വഴിയില്‍ അദ്ദേഹത്തിന്റെ കാറിനു പിന്നില്‍ ഒരു വണ്ടി കൊണ്ടുവന്ന് ഇടിച്ചെന്നും നട്ടപ്പാതിര നേരത്ത് ചാനലുകളില്‍ വാര്‍ത്ത ഓടി.
വേണമെങ്കില്‍ ആരെയും ഇതില്‍ സംശയിച്ച് ആരോപണമുന്നയിക്കാം. സി.പി.എമ്മില്‍ നിന്ന് രാഷ്ട്രീയം തുടങ്ങി ആ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസും കടന്ന് ബി.ജെ.പിയില്‍ ചേക്കേറിയ വലിയൊരു നേതാവാണ് അബ്ദുല്ലക്കുട്ടി. അങ്ങനെ നോക്കുമ്പോള്‍ സി.പി.എമ്മുകാര്‍ ആക്രമിച്ചെന്നു കരുതാം. വേണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ക്കും അതാവാമല്ലോ. പിന്നെ സംഭവം നടന്നെന്നു പറയുന്നത് മലപ്പുറം ജില്ലയിലാണ്. നാട്ടുനടപ്പനുസരിച്ച് അവിടെ എന്തെങ്കിലും നടന്നാല്‍ മുസ്‌ലിം ലീഗുകാരെയോ ഇസ്‌ലാമിക തീവ്രവാദികളെയോ ഒക്കെ സംശയിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവരിലാരെങ്കിലും അദ്ദേഹത്തെ ആക്രമിക്കുമോ എന്നൊരു സംശയവും ഉയരുന്നുണ്ട്. സി.പി.എം അബ്ദുല്ലക്കുട്ടിയെ പണ്ടേ എഴുതിത്തള്ളിയതാണ്. പാര്‍ട്ടി വിട്ടുപോയ ഒരു ബ്രാഞ്ച് മെമ്പര്‍ ഉണ്ടാക്കുന്ന ഭീഷണി പോലും ഇപ്പോള്‍ അബ്ദുല്ലക്കുട്ടി കാരണം ആ പാര്‍ട്ടിക്കില്ല. അങ്ങനെയൊരാളെ ആക്രമിക്കാന്‍ അവര്‍ മുതിരുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസുകാരാണെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടത് വളരെ നന്നായെന്ന ആശ്വാസത്തിലുമാണ്. ലീഗിന്റെ ശത്രുപ്പട്ടികയില്‍ അദ്ദേഹം പണ്ടുമില്ല, ഇന്നുമില്ല. പിന്നെ ചുരുങ്ങിയത് പത്തു മുസ്‌ലിംകളെയെങ്കിലും സംഘ്പരിവാര്‍ പാളയത്തിലെത്തിക്കാന്‍ പ്രാപ്തിയില്ലാത്ത അദ്ദേഹത്തെ വെറുതെ തമാശയ്ക്ക് ആക്രമിച്ചു രസിക്കാന്‍ മാത്രം തലയ്ക്കു വെളിവില്ലാത്തവരാണ് ഇസ്‌ലാമിക തീവ്രവാദികളെന്ന് കരുതാനുമാവില്ല.
പിന്നെ വേണമെങ്കില്‍ മറ്റൊരു സാധ്യത സംശയിക്കാം. സംഘ്പരിവാറിന് ഇപ്പോള്‍ കേരളത്തില്‍ ഒരു മുസ്‌ലിം ബലിദാനിയെ കിട്ടുന്നത് വലിയൊരു കാര്യമാണ്. കേരളത്തില്‍ രാജ്യസ്‌നേഹികളായ 'ദേശീയ മുസ്‌ലിംകളെ' സി.പി.എമ്മും കോണ്‍ഗ്രസും ലീഗുമൊക്കെ വേട്ടയാടുന്നു എന്ന് നാടുനീളെ പ്രചരിപ്പിക്കാന്‍ ഒരു അവസരം കിട്ടുന്നത് അവര്‍ക്ക് ചെറിയ കാര്യമല്ലല്ലോ. പിന്നെ ദീര്‍ഘകാലം പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെ മറികടന്ന് ഒരു വരത്തനെ പെട്ടെന്ന് 'ദേശ് കീ നേതാ' ആക്കിയതില്‍ ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം പുകയുന്നതായി വാര്‍ത്തകള്‍ വരുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."