അഞ്ചുവര്‍ഷത്തെ പ്രണയം വെളിപ്പെടുത്തി സഞ്ജു സാംസണ്‍
തിരുവനന്തപുരം: ഹായ് മെസേജ് അയച്ചതില്‍നിന്നാണ് ആ പ്രണയത്തിന്റെ തുടക്കമെന്നു വെളിപ്പെടുത്തി, ക്രിക്കറ്റ് താരം സഞ്ജു വി. സാംസണ്‍ തന്റെ അഞ്ചു വര്‍ഷം നീണ്ട പ്രണയം ലോകത്തോട് വെളിപ്പെടുത്തി. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയതോടെയാണ് കാമുകി ചാരുവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് സഞ്ജു പ്രണയം വെളിപ്പെടുത്തിയത്.
'2013 ഓഗസ്റ്റ് 22ന് രാത്രി 11.11ന് ഞാന്‍ ചാരുവിന് ഒരു 'ഹായ് ' മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നു വരെ ഏതാണ്ട് അഞ്ചു വര്‍ഷത്തോളം കാത്തിരുന്ന ശേഷമാണ് ഇവളാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി എന്നു ലോകത്തോടു വെളിപ്പെടുത്താനും ഇവള്‍ക്കൊപ്പം ഒരു ചിത്രം പോസ്റ്റ് ചെയ്യാനും സാധിച്ചത്. ഞങ്ങള്‍ ഒരുമിച്ചു സമയം ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ പരസ്യമായി ഒരുമിച്ചു നടക്കാനായിട്ടില്ല. ഇന്നു മുതല്‍ ഞങ്ങള്‍ക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് ഏറ്റവും സന്തോഷത്തോടെ സമ്മതം മൂളിയ മാതാപിതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. 'ചാരു, നിന്നെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി കിട്ടിയതില്‍ അതിയായ സന്തോഷം. എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം' എന്നാണ് പ്രണയം വെളിപ്പെടുത്തി സഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. 23 കാരനായ സഞ്ജു സാംസണ്‍ മികച്ച പ്രകടനത്തിലൂടെ കേരള ടീമില്‍നിന്ന് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ താരമാണ്. ഐ.പി.എല്‍ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകള്‍ക്കുവേണ്ടി കാഴ്ചവച്ച പ്രകടനങ്ങള്‍ സഞ്ജുവിന്റെ താരമൂല്യം കൂട്ടി. മാധ്യമപ്രവര്‍ത്തകനായ ബി. രമേശ് കുമാറിന്റെ മകളാണ് ചാരുലത. ഈ വര്‍ഷം ഡിസംബര്‍ 22ന് വിവാഹം ഉണ്ടാകുമെന്നാണ് ഇരുവരുമായും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."