ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് മോദി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഉജ്ജ്വല വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഇന്ത്യയുടെ വിജയമാണ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഒരിക്കല്‍ക്കൂടി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഒരുമിച്ച് കൂടിയ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോദി. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
ലോകത്തെ ഏതൊരു ജനാധിപത്യ സംവിധാനത്തിലുംവച്ച് ഏറ്റവും വലിയ സംഭവമാണിത്. ഈ യാചകന്റെ പാത്രം നിങ്ങള്‍ വിളമ്പി നിറച്ചിരിക്കുന്നു. മതേതരത്വം എന്ന കള്ള ലേബലില്‍ എല്ലാ പാപങ്ങളും കഴുകിക്കളയാനുള്ള ചിലരുടെ ശ്രമം ജനങ്ങള്‍ പൊളിച്ചടുക്കി.
നിലപാടുകളില്‍ വെള്ളം ചേര്‍ക്കില്ല എന്നതാണ് ബി.ജെ.പിയുടെ പ്രത്യേകത. ഈ ജനവിധി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു മുന്നില്‍ത്തന്നെ ചരിത്രമാണ്. 'ഇന്ന് ആരെങ്കിലും ജയിച്ചിട്ടുണ്ടെങ്കില്‍ ആത്യന്തികമായി അത് ഇന്ത്യ തന്നെയാണ്, നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയാണ്, ഇവിടുത്തെ പൊതുസമൂഹമാണ്.
അതുകൊണ്ടുതന്നെ ബി.ജെ.പിയും ദേശീയ ജനാധിപത്യ മുന്നണിയും ഏറ്റവും എളിമയോടെ ഈ വിജയം ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."