അനുനിമിഷം വിജയാവേശത്തില്‍ ഇന്ദിരാഭവന്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അനുനിമിഷം ആവേശത്തിരയിലായിരുന്നു ഇന്ദിരാഭവന്‍. ഇന്നലെ രാവിലെ എട്ടോടെ ഇന്ദിരാഭവന് മുന്നില്‍ സജ്ജമാക്കിയ എല്‍.ഇ.ഡി വാളിനുമുന്നില്‍ ഫലമറിയാന്‍ പ്രവര്‍ത്തകര്‍ നിരന്നിരുന്നു.
9.40 ആയപ്പോള്‍ മുന്‍ എം.എല്‍.എ പാലോട് രവി എത്തി. പ്രവര്‍ത്തകര്‍ക്കൊപ്പം മുറ്റത്തെ എല്‍.ഇ.ഡി വാളില്‍ കുറേ നേരം ഫലങ്ങള്‍ വീക്ഷിച്ചു. തുടക്കംമുതലുള്ള യു.ഡി.എഫ് ലീഡ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. കെ. മുരളീധരന്റെ ഭൂരിപക്ഷം കൂടിക്കൂടി വന്നപ്പോള്‍ ചിലര്‍ സന്തോഷസൂചകമായി കൈയടിച്ചു. 11 ആയപ്പോഴേക്കും ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എത്തി. തൊട്ടുപിന്നാലെ കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂര്‍ രവിയും ശൂരനാട് രാജശേഖരനുമെത്തി. യു.ഡി.എഫ് മുന്നേറ്റത്തിന് ശക്തിയേറിയതോടെ ഇന്ദിരാഭവനിലേക്ക് കൊടിയുമായി കൂടുതല്‍ പ്രവര്‍ത്തകരെത്തി. വലിയ പാര്‍ട്ടി പതാകകള്‍ ഉയര്‍ത്തി വീശിയാണ് ചിലര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്. ഉച്ച കഴിഞ്ഞപ്പോഴേക്കും അന്തരീക്ഷം അടിമുടി മാറി. 'ട്വന്റി ട്വന്റി 'യെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ അവകാശവാദം ശരിവയ്ക്കും വിധം എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയതോടെ ഇന്ദിരാഭവന്‍ തിങ്ങിനിറഞ്ഞു. വൈകിട്ട് മൂന്നിന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാറില്‍ വന്നിറങ്ങിയതോടെ പ്രവര്‍ത്തകരുടെ സന്തോഷം ഇരട്ടിയായി. മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവര്‍ നേതാവിനെ വരവേറ്റത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നാലെ എത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരീനാഥന്‍ തുടങ്ങിയവരും എത്തിച്ചേര്‍ന്നു. നേതാക്കള്‍ വാര്‍ത്താസമ്മേളനം തുടങ്ങിക്കഴിഞ്ഞപ്പോഴേക്കും പ്രവര്‍ത്തകരുടെ വന്‍ അകമ്പടിയില്‍ ശശി തരൂരും എത്തിച്ചേര്‍ന്നു. മധുരങ്ങള്‍ വിതരണം ചെയ്താണ് തെരഞ്ഞെടുപ്പിന്റെ ചരിത്രവിജയം ഏവരും ആഘോഷിച്ചത്. വൈകിട്ടോടെ കൂടുതല്‍ പ്രവര്‍ത്തകരെത്തി കൊടിയും ബാന്റുമേളവും ബൈക്കുറാലിയുമൊക്കെയായി ആഹ്ലാദപ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."