ചൊവ്വാഴ്ച നിര്‍ണായകം; ശിവശങ്കറിനും സര്‍ക്കാറിനും
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ എം. ശിവശങ്കറിനെതിരേ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് കസ്റ്റംസ് നിയമോപദേശം തേടിയതായി സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ശിവശങ്കറിനെതിരേ സ്വര്‍ണക്കടത്തു പോലുള്ള കേസില്‍ പ്രതിചേര്‍ക്കല്‍, അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണസംഘം നിയമോപദേശം തേടിയത്.
ശിവശങ്കറിനെ നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് ആദ്യഘട്ടത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എന്നിവരില്‍നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയില്‍നിന്നും ഇവരുടെ മൊഴിയില്‍നിന്നും കേസിലെ ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്.
കളളക്കടത്ത് പണം ഒളിപ്പിക്കുന്നതിനടക്കം ശിവശങ്കര്‍ സ്വപ്നയെ സഹായിച്ചോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ശിവശങ്കറെ ചോദ്യം ചെയ്തതിലൂടെ ഇതുവരെ ഇക്കാര്യങ്ങളില്‍ ഒരു വ്യക്തതയും വന്നിട്ടില്ല.
ലഭ്യമായ തെളിവുകളുടെ പിന്‍ബലത്തില്‍ ശിവശങ്കറെ പ്രതിചേര്‍ക്കാം എന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. എന്നാല്‍ അറസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളുടെ കാര്യത്തില്‍ ഇതുവരെ കസ്റ്റംസ് സംഘം തീരുമാനമെടുത്തിട്ടില്ല.
ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്. അതിനുമുമ്പ് നടപടി സംബന്ധിച്ച് വ്യക്തത വരുത്താനാണ് കസ്റ്റംസ് നീക്കം. ശിവശങ്കറിന്റെ വിദേശയാത്രകള്‍ സംബന്ധിച്ച് പരിശോധനയും കസ്റ്റംസ് നടത്തുന്നുണ്ട്. വിദേശയാത്രകളുടെ ഔദ്യോഗിക രേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കാന്‍ ശിവശങ്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."