ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരം: മത്സര വിജയികള്‍ക്ക് 1.2 കോടി റിയാല്‍ സമ്മാനം
ജിദ്ദ: ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കും ബാങ്ക് വിളിക്കുന്നവര്‍ക്കും വേണ്ടിയുള്ള മത്സരങ്ങള്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും യൂനിയന്‍ ഓഫ് അറബ് ഫുട്ബോള്‍ അസോസിയേഷന്‍സ് പ്രസിഡന്റുമായ തുര്‍ക്കി ആലുശൈഖ് പ്രഖ്യാപിച്ചു.
ലോകത്തുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന ഖുര്‍ആന്‍ പാരായണ, ബാങ്ക് വിളി മത്സരങ്ങള്‍ സഊദിയിലാണ് സംഘടിപ്പിക്കുന്നത്. മത്സര വിജയികള്‍ക്ക് ആകെ 1.2 കോടി റിയാല്‍ (32 ലക്ഷം ഡോളര്‍) സമ്മാനമായി വിതരണം ചെയ്യും. കഴിഞ്ഞ ജനുവരിയില്‍ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി പ്രഖ്യാപിച്ച തന്ത്രത്തിന്റെ ഭാഗമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ലോകത്ത് ഏറ്റവും മാധുര്യമാര്‍ന്ന ശബ്ദത്തില്‍, ശ്രോതാക്കളില്‍ സ്വാധീനം ചെലുത്തുന്ന നിലക്ക്, ആശയം ഉള്‍ക്കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും അവരുടെ പാരായണങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുന്നതിനുമാണ് ഖുര്‍ആന്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. വളര്‍ന്നുവരുന്ന തലമുറകളെ വിശുദ്ധ ഖുര്‍ആനുമായി ബന്ധിപ്പിക്കുന്നതിനും ഖുര്‍ആന്‍ പഠിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നു.
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് 50 ലക്ഷം റിയാല്‍ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 20 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് 10 ലക്ഷം റിയാലും നാലാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും.
ബാങ്ക് വിളി മത്സരത്തിലൂടെ ബാങ്ക് വിളി ശബ്ദത്തിന്റെ മനോഹാരിതയും മാധുര്യവും ആഘോഷിക്കാനാണ് ലക്ഷ്യമിടുന്നത്. മസ്ജിദുന്നബവിയില്‍ ബാങ്ക് വിളിക്കാനുള്ള ആദരവ് ലഭിക്കുമെന്നത് മത്സരാര്‍ഥികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമാകും. ബാങ്ക് വിളി മത്സരത്തിലെ വിജയിക്ക് 20 ലക്ഷം റിയാല്‍ സമ്മാനം ലഭിക്കും.
രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം റിയാലും സമ്മാനം ലഭിക്കും. നാലാം സ്ഥാനത്തെത്തുന്ന മത്സരാര്‍ഥിക്ക് രണ്ടര ലക്ഷം റിയാലാണ് സമ്മാനമായി ലഭിക്കുക. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ (https://quranathanawards.com) എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
മെയ് 22 മുതല്‍ ജൂലൈ 22 വരെ മത്സരാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 23 വരെ പ്രാഥമിക റൗണ്ട് മത്സരങ്ങളും സ്‌ക്രീനിങും നടക്കും. ഇത് ഓണ്‍ലൈന്‍ വഴിയായിരിക്കും. ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ് ലൈവ് മത്സരങ്ങള്‍ നടക്കുക. സെപ്റ്റംബര്‍ 25 നും ഒക്ടോബര്‍ 25 നുമിടക്ക് വിജയികളെ പ്രഖ്യാപിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്യും. ലോകത്തെ ഏതൊരു ഭാഗത്തുനിന്നും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുമെന്ന് തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
ലോകത്ത് ഖുര്‍ആന്‍, ബാങ്ക് വിളി മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."