ഷംന തസ്‌നീമിന്റെ മരണം; മെഡിക്കല്‍ കോളജിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കളമശേരി: മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്‌നിം ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് കണ്ണൂര്‍ മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. ഷംന മരണപ്പെട്ട് ഒരു വര്‍ഷമായിട്ടും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ഷംനയുടെ ജന്മദേശമായ മട്ടന്നൂരിലെ യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി കളമശേരിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
ഷംനയുടെ നാട്ടുകാരിയായ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയും സ്ഥലം എം.എല്‍.എയായ ഇ.പി.ജയരാജനും ഷംനയുടെ പിതാവിന് നീതി നിഷേധിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒരു ഇടതു പക്ഷ സഹചാരിയായിരുന്ന ഷംനയുടെ പിതാവ് അബൂട്ടിയോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി. യൂത്ത് ലീഗ് സംസ്ഥാന ജന സെക്രട്ടറി പി കെ ഫിറോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷനായി. സെക്രട്ടറി ഷെബീര്‍ എടയന്നൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.അഹമ്മദ് കബീര്‍, മുഹമ്മദ് ആസിഫ്, സുബൈര്‍ കാരുവള്ളി, ഷുഹൈബ് കൊതേരി , ഷഹബാസ്, ഫൈസല്‍ കങ്ങരപ്പടി, വി.എസ്. അബൂബക്കര്‍ , പി.എം എ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."