റമദാന്‍ അവസാന പത്തിലേക്ക്: ഇരുഹറമുകളിലേക്കും വന്‍ തീര്‍ഥാടക പ്രവാഹം
ജിദ്ദ: റമദാന്‍ അവസാന പത്തിലേക്കു കടക്കുന്നതോടെ ഇരുഹറമുകളിലേക്കും തീര്‍ഥാടക പ്രവാഹം ശക്തം. റമദാന്‍ അവസാന പത്തിലെ രാവുകള്‍ ഹറമില്‍ പ്രാര്‍ഥനാ നിരതരാകാന്‍ ആയിരങ്ങളാണ് മക്കയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരുടെയും വിദേശികളും സ്വദേശികളുമായ ആഭ്യന്തര തീര്‍ഥാടകരുടെയും വരവ് കൂടിയതോടെ മസ്ജിദുല്‍ഹറാമിലും മസ്ജിദുന്നബവിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന പത്തില്‍ ഇഅ്ത്തികാഫില്‍ കഴിയാനെത്തുന്നവര്‍ ധാരാളമാണ്. ഇവര്‍ക്ക് വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഇരുഹറം കാര്യാലയ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഉംറ സീസണ്‍ അവസാനിക്കാറായതോടെ വിദേശ തീര്‍ഥാടകരുടെ വരവ് കൂടിയിട്ടുണ്ട്. മക്ക, മദീന വിമാനത്താവളങ്ങളില്‍ തീര്‍ഥാടകരേയും വഹിച്ചെത്തുന്ന വിമാനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഹറമിനടുത്ത ഹോട്ടലുകളിലെല്ലാം മുറി കിട്ടാന്‍ വലിയ ഡിമാന്റാണ്. ബുക്കിങ് അനുപാതം കൂടിയിട്ടുണ്ട്. തീര്‍ഥാടക സേവനവുമായി ബന്ധപ്പെട്ട ഒരോ വകുപ്പുകളും അവസാന പത്തിലെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് പ്രത്യേക പ്രവര്‍ത്തന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനു പുറമെ വെളളിയാഴ്ച, 27ാം രാവ്, ഖത്മുല്‍ ഖുര്‍ആന്‍ എന്നീ ദിവസങ്ങളിലേക്ക് പ്രത്യേക പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇരുഹറം കാര്യാലത്തിന് കീഴിലും സ്ത്രീകളും പുരുഷന്മാരുമായി
പതിനായിരത്തിലധികമാളുകളെ സേവനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. സേവനങ്ങള്‍ നിരീക്ഷിക്കുന്നതിനും ശുചീകരണ ജോലികള്‍ക്കും കൂടുതലാളുകളെ ഒരുക്കിയിട്ടുണ്ട്. അതേ സമയം അവസാന പത്ത്, ഈദുല്‍ഫിത്വര്‍ എന്നിവക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സഊദി സിവില്‍ ഡിഫന്‍സ് മേധാവി അറിയിച്ചു. മക്കയിലും മദീനയിലും സിവില്‍ ഡിഫന്‍സ് സുസജ്ജമാണ്. ഏത് അടിയന്തിരഘട്ടം നേരിടാനാവശ്യമായ ആളുകളെ ഒരുക്കിയിട്ടുണ്ട്. മസ്ജിദുല്‍ ഹറാമിനകത്തും പുറത്തും തീര്‍ഥാടകരെ സഹായിക്കുന്നതിനുള്ള ഡിഫന്‍സ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. മക്ക, മദീന പട്ടണങ്ങളിലെ മുഴുവന്‍ ഡിസ്ട്രിക്റ്റുകളിലും കൂടുതലാളുകളെയും നിയോഗിക്കുകയും ഇവര്‍ക്കാവശ്യമായ ഉപകരണങ്ങളും വാഹനങ്ങങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിര സേവനത്തിനായി നിരവധി മോട്ടോര്‍ സൈക്കില്‍ യൂനിറ്റുകളുമൊരുക്കിയിട്ടുണ്ട്. തീര്‍ഥാടകരെ താമസിപ്പിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ പരിശോധന നടത്തിവരുന്നു.
ഇരുഹറം കാര്യാലയം, ട്രാഫിക്ക്, പൊലിസ്, ആരോഗ്യം, മുനിസിപ്പാലിറ്റി, റെഡ്ക്രസന്റ്, ഗതാഗതം എന്നീ വകുപ്പുകള്‍ക്ക് കീഴില്‍ റമദാന്‍ അവസാന പത്തിലെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തുടക്കമായിട്ടുണ്ട്. ഇരുഹറമുകളിലും തീര്‍ഥാടകരുടെ സേവനത്തിന് സ്‌കൗട്ടുകളും സ്ത്രീകളും പുരുഷന്മാരുമായി നിരവധി വളണ്ടിയര്‍മാരും രംഗത്തുണ്ട്. മദീനയില്‍ മസ്ജിദുന്നബവി കാര്യാലയത്തിന് കീഴില്‍ നിസ്‌കരിക്കാനെത്തുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ആവശ്യമായ എല്ലാ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."