വി.എസ് വേട്ട ഇപ്പോഴും തുടരുന്നുവെന്ന് മന്ത്രി മണിയുടെ സഹോദരന്‍
തൊടുപുഴ: 10 വര്‍ഷം മുന്‍പ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ആരംഭിച്ച വേട്ടയാണ് തനിക്ക് നേരെ ഇപ്പോഴും തുടരുന്നതെന്ന് മന്ത്രി എം.എം.മണിയുടെ സഹോദരനും മുന്‍ സി.പി.എം ഏരിയാ സെക്രട്ടറിയുമായ എം.എം.ലംബോധരന്‍.
തന്നെ കരുവാക്കി മണിയെ വ്യക്തിഹത്യ നടത്തുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ലക്ഷ്യം. ഇതിനാണ് മൂന്നാറിലെ ഇല്ലാത്ത ഭൂമികൈയേറ്റം ആരോപിച്ച് തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്നത്. മകന്റെ പേര് ഉള്‍പ്പെടുന്ന കൈയേറ്റക്കാരുടെ പട്ടിക10 വര്‍ഷം മുന്‍പ് തയാറാക്കിയതും അടിസ്ഥാനരഹിതമെന്ന് കണ്ട് തള്ളിയതുമാണെന്ന് ലംബോധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു സെന്റ് ഭൂമി കൈയേറിയെന്ന് തെളിയിച്ചാല്‍ ഏത് നിയമനടപടിക്കും വിധേയനാകാം. കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുകയാണ് മുന്‍പ് വി.എസ് ചെയ്തത്.
രാജാക്കാട് ഏരിയാ സെക്രട്ടറിയായിരുന്ന തന്നെ കള്ളക്കച്ചവടം നടത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു എന്ന പച്ചക്കള്ളം പറയുകയും ചെയ്തു.
എന്നാല്‍ അങ്ങനെ കയറെടുക്കുന്ന മുഖ്യമന്ത്രിയല്ല ഇപ്പോഴത്തേത്. സര്‍വകക്ഷി യോഗം വിളിച്ച് പൊതുധാരണ ഉണ്ടാക്കിയ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനം അതിന് തെളിവാണ്. സി.പി.എമ്മിലെ ഒരു വിഭാഗമല്ലാതെ സി.പി.ഐയോ കോണ്‍ഗ്രസോ ബി.ജെ.പിയോ തനിക്കെതിരേ നിലപാട് സ്വീകരിച്ചിട്ടില്ല.
എം.എം മണിയുമായി ബന്ധപ്പെടുത്തി ഇത്ര കടുത്ത ആരോപണം ഉണ്ടായിട്ടും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ പ്രതികരിക്കാത്തതിനെക്കുറിച്ച് അദ്ദേഹത്തോടാണ്് ചോദിക്കേണ്ടത്.
1972 മതല്‍ 2000 വരെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന തന്നെ വ്യക്തിപരമായ അഭ്യര്‍ഥന മാനിച്ച് പാര്‍ട്ടി ഒഴിവാക്കുകയായിരുന്നു.
ജില്ലാ കലക്ടറുടെയും സബ് കലക്ടറുടെയും നേതൃത്വത്തില്‍ സര്‍ക്കാരിനെ കബളിപ്പിക്കാനാണ് തന്റെ മകന്റെ പേരടങ്ങുന്ന 154 കൈയേറ്റക്കാരുടെ പുതിയ പട്ടികയെന്ന് പറഞ്ഞ് വ്യാജരേഖ ഉണ്ടാക്കിയിരിക്കുന്നത്. ചിന്നക്കനാല്‍ വില്ലേജ് ഓഫിസറോ ഉടുമ്പഞ്ചോല തഹസില്‍ദാരോ ചിന്നക്കനാല്‍ വില്ലേജില്‍ തന്റെ മകന്റെ പേരില്‍ ഇങ്ങനെയൊരു കൈയേറ്റ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
പട്ടികയിലെ 90 ശതമാനം പേരും 50 സെന്റില്‍ താഴെ മുതല്‍ അര സെന്റ് വരെ ഭൂമി മാത്രം കൈവശമുള്ളവരാണ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇത് തയാറാക്കിയവരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."