HOME
DETAILS
MAL
ഉണരുന്ന ദലിത് രാഷ്ട്രീയത്തിനു തടയിടാന്‍
backup
October 14 2020 | 01:10 AM
ആദിവാസികളുടെ ക്ഷേമത്തിനും അവരുടെ വളര്‍ച്ചയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പുരോഹിതനാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ജാര്‍ഖണ്ഡിലെ റാഞ്ചിയാണ് പ്രവര്‍ത്തന കേന്ദ്രം. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി പൊലിസ് അറസ്റ്റ് ചെയ്തു ജയിലിലാക്കിയ ആയിരക്കണക്കിനു ആദിവാസി യുവാക്കള്‍ക്കുവേണ്ടി ഫാദര്‍ ശബ്ദമുയര്‍ത്തി. അവര്‍ക്കു ഭൂമി കിട്ടാത്തതിനെതിരേ സമരം നടത്തി. അവര്‍ നേരിടുന്ന ചൂഷണത്തിനെതിരേ പ്രവര്‍ത്തിച്ചു.
കത്തോലിക്കാ സഭയിലെ ജെസ്യൂട്ട് വിഭാഗത്തില്‍പ്പെട്ട പുരോഹിതനാണ് തമിഴ്‌നാട് സ്വദേശിയായ ഫാദര്‍ സ്റ്റാന്‍ സ്വാമി. വയസ് 83. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ കാരണം നന്നെ ക്ഷീണിതന്‍. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തു ജയിലിലാക്കിയിരിക്കുന്നു. ആദിവാസികളെയും ദലിതരെയും സമൂഹത്തിലെ താഴേത്തട്ടില്‍ കഴിയുന്നവരെയൊക്കെയും പിന്തുണയ്ക്കുന്ന വ്യക്തികളും സംഘടനകളുമെല്ലാം ഇന്ന് അന്വേഷണ ഏജന്‍സികളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
മഹാരാഷ്ട്രയിലെ പൂനെയില്‍ ഭീമ കൊറേഗാവ് എന്ന കൊച്ചുഗ്രമത്തില്‍ 2018 ല്‍ നടന്ന അക്രമ സംഭവങ്ങളും അതിന്റെ പേരില്‍ എടുത്ത കേസുകളും ഈ നീക്കത്തിലെ പ്രധാന പരീക്ഷണം തന്നെയാണ്. മറാത്താ ചരിത്രത്തിലെ തന്നെ ഒരു വലിയ അധ്യായമാണ് ഭീമ കൊറേഗാവ് സംഭവം. ഇരുന്നൂറിലേറെ വര്‍ഷം മുന്‍പ് 1818 ജനുവരി ഒന്നിന് വളരെ ചെറിയ ഒരു ബ്രിട്ടിഷ് സൈന്യം കൊറേഗാവില്‍ പെഷ്‌വാ ബജിറാവു രണ്ടാമന്റെ നേതൃത്വത്തിലുള്ള പെഷ്‌വാ സൈന്യത്തെ തോല്‍പ്പിച്ച സംഭവം ദലിത് മുന്നേറ്റത്തിന്റെ സുവര്‍ണ ചരിത്രമായി മാറുകയായിരുന്നു. ബ്രിട്ടിഷ് സൈന്യത്തിലെ പടയാളികള്‍ ദലിതരായ മഹര്‍ വിഭാഗക്കാരായിരുന്നു. അഞ്ഞൂറോളം വരുന്ന മഹര്‍ സൈന്യം പരാജയപ്പെടുത്തിയതാവട്ടെ 28000-ലേറെ വരുന്ന ബ്രാഹ്മണ സമുദായക്കാരായ പെഷ്‌വാ വിഭാഗത്തെയും. കാലങ്ങളായി ബ്രാഹ്മണ മേധാവിത്വം തങ്ങളുടെ മേല്‍ നടത്തിക്കൊണ്ടിരുന്ന അടിച്ചമര്‍ത്തലിനെതിരേ പടപൊരുതി നേടിയ വിജയമായാണ് ദലിതര്‍ ഈ യുദ്ധവിജയത്തെ കണ്ടത്. ചരിത്ര വിജയത്തിന്റെ ഓര്‍മയ്ക്കായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഭീമ കൊറേഗാവില്‍ ഒരു വിജയ സ്തംഭം സ്ഥാപിച്ചു. ഇത് പെട്ടെന്ന് ദലിതരുടെ ആശാകേന്ദ്രമായി. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ദലിതര്‍ ഭീമ കൊറേഗാവിലെ വിജയ സ്തംഭം സന്ദര്‍ശിക്കുക പതിവായി. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഭീമ കൊറേഗാവിന്റെ പ്രധാന്യവും പ്രസക്തിയും കൂടിക്കൂടി വന്നു. ദലിത് വിഭാഗങ്ങളുടെ ആത്മാഭിമാനവും ശക്തിയും ഊട്ടിയുറപ്പിക്കുന്ന ഊര്‍ജ്ജകേന്ദ്രമായി മാറുകയായിരുന്നു ഭീമ കൊറേഗാവും അവിടുത്തെ വിജയ സ്തംഭവും. രണ്ട് നൂറ്റാണ്ടുകഴിഞ്ഞിട്ടും ദലിതര്‍ക്ക് മോചനമായിട്ടില്ലെന്ന് അവര്‍ക്കറിയാം. ഈ വിജയ സ്തംഭം ദലിതര്‍ക്കു നല്‍കുന്ന ആത്മാഭിമാനത്തെയും രാഷ്ട്രീയബോധത്തെയും ഇന്ന് മേല്‍ജാതിക്കാര്‍ ഭയപ്പെടുന്നു. അവര്‍ രാഷ്ട്രീയ ശക്തിനേടിയാല്‍ അത് തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് ഹിന്ദുത്വശക്തികള്‍ കണക്കുകൂട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കര്‍ 1921 ല്‍ ഭീമ കൊറേഗാവ് സന്ദര്‍ശിച്ചതോടെ ഈ ഗ്രാമത്തിന്റെയും ഇവിടെ തല ഉയര്‍ത്തിനില്‍ക്കുന്ന വിജയ സ്തംഭത്തിന്റെയും പ്രാധാന്യം പിന്നെയും വര്‍ധിച്ചു. എല്ലാ ജനുവരി ഒന്നാം തിയതിയും രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പതിനായിരക്കണക്കിനു ദലിതര്‍ ഇവിടെ എത്തുക പതിവായി.
ഭീമ കൊറേഗാവില്‍ ദലിത് പട്ടാളം നേടിയ വിജയത്തിന്റെ 200ാം വാര്‍ഷികം വ്യാപകമായ അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടത് ഹിന്ദുത്വശക്തികളാണെന്ന് ദലിത് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ദലിത് ചരിത്രത്തില്‍ വലിയൊരു മുന്നേറ്റത്തിന്റെ കഥപറയുന്ന ഭീമ കൊറേഗാവില്‍ 200-ാം വാര്‍ഷികം ഉജ്ജ്വലമായി ആഘോഷിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഹിന്ദുത്വ മുന്നേറ്റത്തിനെതിരേയുള്ള ശക്തമായൊരു മുന്നേറ്റമായാണ് സംഘാടകര്‍ ഈ കൂട്ടായ്മയെ ചിത്രീകരിച്ചത്. ദലിത് മുന്നേറ്റത്തിനു നേതൃത്വം കൊടുക്കുന്ന പ്രകാശ് അംബേദ്കറും ജിഗ്നേഷ് മേവാനിയും നേതൃത്വം നല്‍കി. ഡോ. ബി.ആര്‍ അംബേദ്കറുടെ ചെറുമകനാണ് പ്രകാശ് അംബേദ്കര്‍. ഗുജറാത്തിലെ ദലിത് പ്രവര്‍ത്തകനായ ജിഗ്നേഷ് മേവാനി ഗുജറാത്ത് നിയമസഭാംഗമാണ്. ഗുജറാത്തിലെ ഉന്നാവോ ഗ്രാമത്തില്‍ മേല്‍ജാതിക്കാര്‍ക്കെതിരായ വമ്പിച്ച ദലിത് സമരത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ് മേവാനി രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടത്.
200-ാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി തലേദിവസം, അതായത് 2017 ഡിസംബര്‍ 31-ാം തിയതി ഭീമ കൊറേഗാവ് ശൗര്യ ദിനമായി ആചരിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചത്. സമ്മേളനത്തിന് എല്‍ഗാര്‍ പരിഷത് എന്ന് പേരിട്ടു. സുപ്രിംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് പി.ബി സാവന്ത്, മുംബൈ ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ഖൊല്‍സെ പാട്ടീല്‍ എന്നിവര്‍ കണ്‍വീനര്‍മാരായി വിശാലമായൊരു സംഘാടക സമിതിയും രൂപീകരിച്ചു. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ദലിതര്‍ കൂട്ടംകൂട്ടമായി കൊറേഗാവിലേക്ക് നീങ്ങി. മഹാരാഷ്ട്രയിലെ തന്നെ വിവിധ ഗ്രാമങ്ങളില്‍നിന്ന് ദലിതര്‍ സംഘങ്ങളായി മാര്‍ച്ച് ചെയ്താണ് അവിടെയെത്തിയത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ മേല്‍ജാതിക്കാരായ വിദ്യാര്‍ഥികളുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടെ മാതാവ് രാധാ വെമൂല, ഛത്തീസ്ഗഡിലെ ആദിവാസി പ്രവര്‍ത്തകന്‍ സോണി സോരി, ഉല്‍ക്കാ മഹാജന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഹിന്ദുത്വശക്തികള്‍ക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുത്ത ദലിതരും അതിനു നേതൃത്വം നല്‍കിയ ദലിത്- ആദിവാസി പ്രവര്‍ത്തകരും. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ ശക്തമായ നിലപാടെടുക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ദലിത് വിഭാഗക്കാര്‍ ശബ്ദത്തില്‍ പ്രതിജ്ഞയെടുത്തു.
ഇതിനു പിറ്റേന്നാണ് വ്യാപകമായ അക്രമണമുണ്ടായത്. കാവിക്കൊടികളുമായെത്തിയ അക്രമികള്‍ സമ്മേളനത്തിനെത്തിയ ദലിതര്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായി. എല്ലാം ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വത്തിലായിരുന്നുവെന്ന് ദലിത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി മൂന്നാം തിയതി മഹാരാഷ്ട്രാ ബന്ദിന് പ്രകാശ് അംബേദ്കര്‍ ആഹ്വാനം ചെയ്തു. ദലിത് സമുദായക്കാരോടൊപ്പം മുസ്‌ലിംകളും ബന്ദ് വിജയിപ്പിക്കാനിറങ്ങി. മഹാരാഷ്ട്ര സംസ്ഥാനം മുഴുവന്‍ സ്തംഭിച്ചു. പരക്കെ അക്രമങ്ങളുണ്ടായി. സംസ്ഥാനമൊട്ടാകെ ആക്രമണം അരങ്ങേറി. തുടര്‍ന്ന് പൂനെ പൊലിസ് ദലിത് നേതാക്കള്‍ക്കും സമ്മേളനം സംഘടിപ്പിച്ച ദലിത് പ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാമെതിരെ കേസെടുത്തു. ബി.ജെ.പി സംസ്ഥാനം ഭരിക്കുന്ന സമയമായിരുന്നു അത്. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയും. ഹിന്ദുത്വശക്തിക്കെതിരേ വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിച്ച ദലിത് ശ്രമങ്ങളെ തകര്‍ക്കാന്‍ തന്നെയായിരുന്നു പൊലിസ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, എന്‍.സി.പി പിന്തുണയോടെ സര്‍ക്കാരുണ്ടാവുകയും ചെയ്തതോടെ ദേശീയ ഏജന്‍സിയായ എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളെ മാത്രമല്ല, ബുദ്ധിജീവികളെയും കലാകാരന്മാരെയും ആദിവാസി ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും പ്രതികളാക്കിയിരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പലരെയും പ്രതികളാക്കിയിരിക്കുന്നത്. കൊറേഗാവില്‍ എല്‍ഗാര്‍ പരിഷത് എന്ന പേരില്‍ നടന്ന ദലിത് സമ്മേളനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായിരുന്നുവെന്നും ഇതിന് മാവോയിസ്റ്റ് പിന്തുണ ഉണ്ടായിരുന്നുവെന്നുമാണ് കേസ്. 10,000 ലേറെ പേജുള്ള കുറ്റപത്രവുമായി വലിയൊരു എന്‍.ഐ.എ സംഘം ദലിത് മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത വിവിധ തുറകളിലെ പ്രമുഖരെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു.
ദലിത് മുന്നേറ്റത്തെ മുളയില്‍ത്തന്നെ നുള്ളിക്കളയേണ്ടത് അധികാരികളുടെ നിലനില്‍പ്പിനാവശ്യമാണ്. തെലുങ്കു കവി വരവരറാവുവിനെയും ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയെയും പ്രൊഫസറായ ഹാനിബാബുവിനെയുമൊക്കെ എന്‍.ഐ.എ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. ആദിവാസികള്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുംവേണ്ടി ശബ്ദമുയര്‍ത്താനും അവരെ സംഘടിപ്പിക്കാനും ആരെങ്കിലുമിറങ്ങിയാല്‍ ഇതാവും ഫലമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഭരണകൂടം.
പ്രതിപക്ഷ രാഷ്ട്രീയത്തെക്കാള്‍ ഹിന്ദുത്വ ശക്തികള്‍ പേടിക്കുന്നത് ദലിത് രാഷ്ട്രീയത്തെയാണ്. നിര്‍ദോഷിയും നിസ്സഹായനും ദുര്‍ബലനുമായ കത്തോലിക്ക പുരോഹിതനെ തീവ്രവാദിയായി മുദ്രകുത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടും കേരളത്തിലെ കത്തോലിക്ക സമുദായ നേതൃത്വമോ ക്രിസ്ത്യന്‍ മത മേധാവികളോ ഒന്നും മിണ്ടുന്നില്ലെന്ന കാര്യവും ശ്രദ്ധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."