കിഫ്ബി: 2,953 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി
തിരുവനന്തപുരം: 2,953 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് യോഗവും ബോര്‍ഡ് യോഗവും അനുമതി നല്‍കിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 816 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ആരോഗ്യ മേഖലയില്‍ അനുമതി നല്‍കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്ക്, പീഡിയാട്രിക് ബ്ലോക്ക്, എം.എല്‍.ടി ബ്ലോക്ക് എന്നിവയുടെ നിര്‍മാണം, പരിയാരം, കോന്നി മെഡിക്കല്‍ കോളജുകള്‍, കോട്ടയം, കോഴിക്കോട് ജനറല്‍ ആശുപത്രികള്‍ എന്നിവയുടെ നവീകരണം എന്നിവയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചി കരുവേലിപ്പടി, കായംകുളം, ഫറൂഖ്, ബാലുശേരി, കൊയിലാണ്ടി താലൂക്ക് ആശുപത്രികളുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ 1369.05 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് അനുമതി നല്‍കി. പൊന്നാനി എസ്റ്റ്യുറിക്ക് കുറുകെയുള്ള കേബിള്‍ സ്റ്റെയിഡ് പാലം, തിരുവനന്തപുരം വഴയില -പഴകുറ്റി, പേട്ട - ആനയറ - ഒരുവാതില്‍കോട്ട റോഡുകളുടെ നിര്‍മാണം, കുന്നംകുളം മുനിസിപ്പാലിറ്റി റോഡ്, ചെങ്ങന്നൂര്‍ ബൈപ്പാസ്, പത്തനംതിട്ട അബാന്‍ ഓവര്‍ബ്രിഡ്ജ്, കൊല്ലം പള്ളിമുക്ക് -ആലിമുക്ക് റോഡ് തുടങ്ങി 17 പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയത്.
ആലപ്പുഴ കടല്‍പ്പാല നിര്‍മാണത്തിന് 15.26 കോടി രൂപയുടെ അനുമതിയും നല്‍കി. അന്തൂര്‍, കണ്ണൂര്‍, കൂത്താട്ടുകുളം, പട്ടാമ്പി എന്നിവിടങ്ങളിലെ നാലു മുനിസിപ്പല്‍ ഓഫിസ് കെട്ടിടങ്ങള്‍ക്ക് 50.79 കോടി രൂപയും പാലക്കാട്, പുനലൂര്‍, ആറ്റിങ്ങല്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ അറവുശാലകള്‍ നിര്‍മിക്കാന്‍ 38.77 കോടി രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം.
കെ.എസ്.ആര്‍.ടി.സിക്ക് 330 സി.എന്‍.ജി ബസ് വാങ്ങാനുള്ള പണം കിഫ്ബി നല്‍കും. നിലവിലെ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി ആക്കുന്നതിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനായി കെ.എസ്.ആര്‍.ടി.സിയുമായി ധാരണാപത്രം ഒപ്പുവയ്ക്കും. ഈ പദ്ധതി നടപ്പാകുന്നതോടെ ന്യൂഡല്‍ഹി കഴിഞ്ഞാല്‍ ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനമുള്ള രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ഇടത്താവള വികസനം, മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 143 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 24 ക്ലസ്റ്ററുകളിലായി 336 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപയുടെ അനുമതി നല്‍കി. തീരദേശത്തെ എല്ലാ സ്‌കൂളുകളും വികസിപ്പിക്കുന്നതിന് കിഫ്ബി ഏറ്റെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."