സഊദിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നു നാലര കോടി രൂപ തട്ടിപ്പുനടത്തി മലയാളി മുങ്ങി
റിയാദ്: സഊദിയിലെ റിയാദ് മുറബ്ബ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും നാലര കോടിയോളം രൂപയുടെ വെട്ടിപ്പു നടത്തി മലയാളി മുങ്ങി.
സാമ്പത്തിക തിരിമറി നടത്തി രക്ഷപ്പട്ട യുവാവിനെതിരെ ലുലു ഗ്രൂപ്പ് അധികൃതര്‍ ഇന്ത്യന്‍ എംബസിയിലും കേരളാ സംസ്ഥാന പൊലിസ് മേധാവിക്കും തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി കൈമാറി.
നാലര വര്‍ഷത്തിലേറെയായി ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് മാനേജറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യത്തില്‍ ഷിജു ജോസഫ് (42) ആണ് മുങ്ങിയത്. 2.23 മില്യണ്‍ റിയാലിന്റെ (ഏകദേശം 4.24 കോടി രൂപയുടെ) തട്ടിപ്പാണ് ജോലിയിരിക്കെ നടത്തിയതെന്നാണ് കണ്ടെത്തല്‍.
ജോലി ചെയ്യുന്ന സ്ഥാപനമറിയാതെ വിതരണക്കാരില്‍ നിന്ന് വന്‍ തോതില്‍ സാധനങ്ങള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്ത് മറിച്ച് വില്‍ക്കുകയായിരുന്നു. ഇതിനായി സ്ഥാപനത്തിന്റെ പേരില്‍ വ്യാജ സീല്‍ ഉള്‍പ്പടെയുള്ള രേഖകളും തയാറാക്കിയായിരുന്നു തട്ടിപ്പ്.
ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ സാധനങ്ങള്‍ പുറത്ത് മറിച്ച് വിറ്റ് ധനാപഹരണം നടത്തുകയായിരുന്നു ഇദ്ദേഹം. സാധനങ്ങള്‍ വാങ്ങിയ വകയില്‍ ബില്ലുകള്‍ അക്കൗണ്ട് വിഭാഗത്തില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ സൂത്രധാരന്‍ ഷിജുവാണെന്ന് മനസ്സിലാവുന്നത്. തട്ടിപ്പ് വിവരം പുറത്തുവരുന്നതിനു മുന്‍പേ തന്നെ എമര്‍ജന്‍സി ലീവില്‍ ഷിജു നാട്ടിലേക്ക് മുങ്ങിയിരുന്നു.
വീട്ടുകാരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഷിജു അവിടെ എത്തിയിട്ടില്ല എന്നാണ് ലഭിച്ച വിവരം. തുടര്‍ന്നാണ് കമ്പനി അധികൃതര്‍ പരാതി നല്‍കിയത്. ഷിജുവിനെ കണ്ടെത്താനുള്ള അന്വേഷണം കഴക്കൂട്ടം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."