ബന്ദ് മോദിക്കെതിരേയുള്ള ജനരോക്ഷ പ്രതിഷേധമായി മാറി: കൊടിക്കുന്നില്‍ സുരേഷ്
കൊല്ലം: ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച ഭാരത് ബന്ദ് നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ശക്തമായ ജനരോക്ഷത്തിന്റെ പ്രതിഷേധമായി മാറിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. പെട്രോളിന്റേയും ഡീസലിന്റേയും വില അന്യായമായി വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചുക്കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് രാജ്യത്തെ ജനങ്ങള്‍ നല്‍കിയ ശക്തമായ മുന്നറിയിപ്പാണ് ഭാരത് ബന്ദിന്റെ വന്‍വിജയമെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്ക് വളരെയേറെ പ്രതീക്ഷ നല്‍കിയും വാഗ്ദാനങ്ങള്‍ വാരി വിതറിയും അധികാരത്തില്‍ വന്ന മോദി പ്രധാനമന്ത്രിയായതിന് ശേഷം കൊള്ളക്കാരന്റെ മേലാങ്കി അണിഞ്ഞ് ജനങ്ങളെ കുത്തുപാള എടുപ്പിക്കുന്ന പ്രധാനമന്ത്രിയായി മാറിക്കഴിഞ്ഞു. നാല് വര്‍ഷത്തെ മോദി ഭരണം രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുകയും സാധാരണക്കാരേയും ഇടത്തരക്കാരേയും കൂടുതല്‍ പാപ്പരാക്കുകയും ചെയ്തു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും അതിനനുസരുച്ച് പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കാന്‍ എണ്ണ കമ്പനികളോട് ആവശ്യപ്പെടാതെ പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് മുതലെടുപ്പ് നടത്തുകയാണ്. പെട്രോളിന്റേയും ഡീസലിന്റേയും വില 100 രൂപയിലേക്ക് എത്തുമ്പോള്‍ മോദിയുടെ അവകാശവാദം തകര്‍ന്നടിയുകയാണ്.
എക്‌സൈസ് ഡ്യൂട്ടി എടുത്ത് കളയാതെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടു വരാതിരിക്കുന്നതും മോദി സര്‍ക്കാരിന്റെ തട്ടിപ്പിന്റെ മറ്റൊരു ഉദാഹരണമാണ്.
ഇന്ത്യയെ നിശ്ചലമാക്കിയ ഭാരത് ബന്ദിന്റെ വിജയം ജനങ്ങള്‍ ഒറ്റക്കെട്ടായി മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ അണിനിരന്നു എന്നതിന്റെ ഉദാഹരണമാണ്.
ജനദ്രോഹ നടപടികളും ജനവഞ്ചനയും മുഖമുദ്രയാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നാളുകള്‍ എണ്ണിക്കഴിഞ്ഞിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷം കൂടി മോദിയെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കാനുള്ള ആര്‍.എസ്.എസ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം ഇന്ത്യയില്‍ ഇനി വില പോകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."