കിണറുകളുടെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍
തിരുന്നാവായ: ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളുടെ കിണറുകളുടെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തിരുന്നാവായ കേന്ദ്രമായി ആരംഭിച്ച ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ കിണറുകളുടെ സ്ലാബുകളാണ് പൊട്ടിപ്പൊളിഞ്ഞ് തെന്നിമാറിയിട്ടുള്ളത്.
ഭാരതപ്പുഴയിലെ മൂന്ന് കിണറുകളില്‍ രണ്ടെണ്ണത്തിന്റെ കോണ്‍ക്രീറ്റ് അടപ്പുകളാണ് അടര്‍ന്നുപോയത്. തിരൂര്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ഇവിടെ വര്‍ഷങ്ങളായി കാടുമൂടി കിടക്കുകയായിരുന്നു. പ്രളയത്തിന് ശേഷം പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
ഭാരതപ്പുഴയില്‍നിന്ന് കുടിവെള്ളം ഈ കിണറുകളിലേക്കാണ് സംഭരിക്കുന്നത്. കിണറുകളില്‍നിന്ന് തിരുന്നാവായ കടവത്തുള്ള പമ്പ് ഹൗസിലെ ടാങ്കിലേക്ക് എടുക്കും. ഇവിടെ നിന്നാണ് വലിയ പൈപ്പുകള്‍ വഴി കുട്ടികളത്താണി ശുദ്ധീകരണ പ്ലാന്റില്‍ വെള്ളമെത്തിക്കുന്നത്. ഇതില്‍ നിന്ന് ശുദ്ധജലം തിരുന്നാവായ, കല്‍പകഞ്ചേരി, മാറാക്കര, വളവന്നൂര്‍, ആതവനാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നു. എന്നാല്‍ കിണറുകളുടെ സ്ലാബുകള്‍ അടര്‍ന്നുവീണത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഭാരതപ്പുഴ നിറഞ്ഞൊഴുകിയ സമയത്ത് മുഴുവന്‍ മാലിന്യ വസ്തുക്കളും കിണറുകളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകുമെന്നാണ് ജനങ്ങളുടെ ഭയം.
കാക്ക, കൊക്ക്, വവ്വാല്‍ തുടങ്ങിയ പക്ഷികളുടെയും എലി, പെരുച്ചാഴി, തവള, പാമ്പ് തുടങ്ങിയ ഇഴജന്തുക്കളുടെയും വിസര്‍ജ്യങ്ങളും ഇവയുടെ ശവശരീരങ്ങളും ഈ കിണറുകളില്‍ വീഴാന്‍ സാധ്യതയുള്ളതും ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രളയത്തിന് ശേഷം എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി ജില്ലയ്ക്ക് അകത്തും പുറത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഭാരതപ്പുഴയിലെ വെള്ളം ഉപയോഗിക്കുന്നവരെ ഭയാശങ്കയിലാക്കിയിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് ജലവകുപ്പിന്റെ കണ്ണ് തുറപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."