സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം ബിഷപ്പുമാര്‍ക്ക് നഷ്ടമായേക്കും
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം വിവിധ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരില്‍ നിന്ന് എടുത്തുമാറ്റാന്‍ ആലോചന. ചില ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ഈ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രവേശന മേല്‍നോട്ട സമിതിയും പ്രവേശനകമ്മിഷണറും തയ്യാറെടുക്കുന്നത്.
കോടതി വിധിയെ തുടര്‍ന്നാണ് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ കത്ത് പ്രവേശനത്തിന് അനുമതി നല്‍കിയത്. ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ പലവിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉണ്ട്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തിന് കീഴില്‍ ഇതില്‍ പലവിഭാഗങ്ങളും വാരാറില്ലെന്നുള്ള വാദത്തെ തുടര്‍ന്നാണ് വൈദികര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടതി അനുവാദം നല്‍കിയത്. ഇതോടെ ബിഷപ്പുമാര്‍ നല്‍കുന്ന സമുദായ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഇതുപയോഗിച്ചാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ള സീറ്റിലേക്ക് പ്രവേശനം നേടുക.
ഈ പ്രത്യേക അവകാശം ദുരുപയോഗം ചെയ്യാന്‍ ചിലര്‍ തയാറായതോടെയാണ് അനര്‍ഹര്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ പണംകൊടുത്ത് വാങ്ങി മെഡിക്കല്‍ പ്രവേശനം തരപ്പെടുത്തുന്നത്. മുസ്‌ലിം, ഹിന്ദു വിഭാഗങ്ങള്‍ക്കുള്ള സമുദായ സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികള്‍ തന്നെ നല്‍കണമെന്നാണ് ചട്ടം.
സി.എം.എസ് ആംഗഌക്കന്‍ സഭാ അംഗം എന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഒരു ബിഷപ്പ് തന്നെ പണംവാങ്ങി അനര്‍ഹര്‍ക്ക് നല്‍കുന്ന വാര്‍ത്ത പുറത്തു വന്നതോടെ പ്രവേശന മേല്‍നോട്ടസമിതിയും പ്രവേശന പരീക്ഷാ കമ്മിഷണറും ഇക്കാര്യത്തില്‍ നിയമപരമായ പരിഹാരത്തിന് തയാറെടുക്കുകയാണ്.
അതിനിടെ കാരക്കോണം മെഡിക്കല്‍ കോളജില്‍ സി.എം.എസ് ആംഗ്ലിക്കന്‍ സഭയ്ക്ക് നല്‍കിയ ഏഴു സീറ്റുകള്‍ സി.എസ്.ഐ സഭാനേതൃത്വം റദ്ദാക്കി. ഈ സീറ്റുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ കാര്യത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നടപ്പാക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു.
ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് നല്‍കുന്ന വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കാരക്കോണത്ത് അഡ്മിഷന്‍ നടന്നെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
ക്രമക്കേടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത മെഡിക്കല്‍ കോളജ് ഡയരക്ടര്‍ ബെന്നറ്റ് ഏബ്രഹാമിനും പ്രിന്‍സിപ്പല്‍ പി. മധുസൂദനും എതിരെ ക്രിമിനല്‍ കേസ് കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും സഭാ സെക്രട്ടറി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."