വിജിലന്‍സിന് ചെലവു ചുരുക്കേണ്ട; ഓഫിസ് മോടിപിടിപ്പിക്കാന്‍ 70 ലക്ഷം
തിരുവനന്തപുരം: കൊവിഡും പ്രളയവും സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ നിര്‍ദേശങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വിജിലന്‍സ് ഓഫിസുകള്‍ മോടിപിടിപ്പിക്കാനൊരുങ്ങുന്നു. ഇതിനായി 70 ലക്ഷം രൂപ അനുവദിച്ച് സെക്രട്ടറിയേറ്റിലെ വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് ഉത്തരവിറങ്ങി.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ മാസം 16നാണ് ചെലവു ചുരുക്കാനും വരുമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചത്. അതിലൊന്നായിരുന്നു അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍ ഒഴിവാക്കല്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ ഫര്‍ണിച്ചറും വാഹനങ്ങളും വാങ്ങരുത് എന്നതടക്കമുള്ള തീരുമാനങ്ങളുമെടുത്തിരുന്നു. എന്നാല്‍ മന്ത്രിസഭാ തീരുമാനങ്ങളെ കാറ്റില്‍ പറത്തിയാണ് വിജിലന്‍സ് വകുപ്പിന്റെ പുതിയ ഉത്തരവ്.
സംസ്ഥാനത്തെ വിജിലന്‍സ് ഓഫിസുകളില്‍ ഓഫിസ് കാബിനറ്റൊരുക്കാനും പുതിയ ഫര്‍ണിച്ചര്‍ വാങ്ങാനും മറ്റു പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനുമായാണ് 70 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങിയത്. തുക വിജിലന്‍സ് വകുപ്പിന്റെ ആധുനികവല്‍കരണവുമായി ബന്ധപ്പെട്ട വകുപ്പില്‍ നിന്നാണ് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."