യമന്‍ യുദ്ധം: 15 സൈനികര്‍ ഉള്‍പ്പെടെ 19 തടവുകാര്‍ സഊദിയിലെത്തി
റിയാദ്: യമനില്‍ യുദ്ധത്തടവുകാരായി പിടികൂടിയവരില്‍ 19 തടവുകാരെ റിയാദിലെത്തിച്ചു. ഇരു കൂട്ടരും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് യുദ്ധത്തടവുകാരെ റിയാദിലെത്തിച്ചത്. വിട്ടയച്ച 19 തടവുകാരില്‍ 15 പേര് സഊദി പൗരന്മാരാണ്. നാല് തടവുകാര്‍ സുഡാന് പൗരന്മാരുമാണ്. റിയാദിലെത്തിച്ച യുദ്ധ തടവുകാര്‍ക്ക് വന്‍ സ്വീകരണമാണ് അധികൃതര്‍ ഒരുക്കിയിരുന്നത്. സംയുക്ത സേന കമാണ്ടര്‍ കേണല്‍ മുത്ലഖ് ബിന്‍ സാലിം അല്‍ ഇസ്മിയ, സഊദിയിലെ സുഡാന് എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ മജ്ദി അല്‍ സമാനി, സുഡാന് ഭാഗത്തു നിന്നുള്ള നിരവധി ഉദ്യോഗസ്ഥര്‍, തടവുകാരുടെ കുടുംബങ്ങള്‍ എന്നിവര്‍ റിയാദ് കിങ് സല്മാന് യൂത്ര് ബേസില്‍ തടവുകാരെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
യമന്‍ സര്‍ക്കാരും ഇറാന് അനുകൂല ഹൂതികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ആയിരത്തിലധികം യുദ്ധത്തടവുകാരെയാണ് പരസ്പരം കൈമാറുക. കഴിഞ്ഞ മാസം സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നുള്ള സമാധാന കരാറിന്റെ ഭാഗമായാണ് തടവുകാരെ ഇരു കൂട്ടരും പരസ്പരം കൈമാറുന്നത്. ഇരു ഭാഗത്തു നിന്നുമായി 1081 യുദ്ധത്തടവുകാരെയാണ് കൈമാറാനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിട്ടയക്കപ്പെട്ടവരില്‍ രണ്ടു യു.എസ് പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട്. തടവുകാരെ വിട്ടയക്കാന്‍ ശ്രമം നടത്തിയ സഊദി സര്‍ക്കാരിനെ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍ നന്ദിയറിച്ചു. പിടികൂടിയവരില്‍ മൂന്നിലൊന്നു തടവുകാരെയും വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 250 ഹൂതികളെയും വിട്ടയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."