'അടുത്ത ദിവസം ഇന്ത്യ ഞങ്ങളെ വിളിച്ചു, ഒരു വ്യാപാര കരാറിന് താല്പര്യമുണ്ടെന്നറിയിച്ചു'; സബ്സിഡി നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കുള്ള സബ്സിഡി നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഫോണ്‍ വിളികള്‍ പോയെന്ന് ഡൊണാള്‍ഡ് ട്രംപ്. പുതിയ വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചാണ് ഫോണ്‍ വിളിയെത്തിയത്.
'ചില രാജ്യങ്ങളുണ്ട്, ഇപ്പോഴും പക്വതയെത്തിയിട്ടില്ലാത്ത രാജ്യങ്ങള്‍. അവര്‍ക്ക് സഹായം നല്‍കുന്നത് തുടരും. എന്നാല്‍ ഇന്ത്യ, ചൈന പോലുള്ള വികസിക്കുന്ന രാജ്യങ്ങള്‍ക്ക് അതു നല്‍കേണ്ടതില്ല'- എന്നായിരുന്നു സെപ്തംബര്‍ എട്ടിന് ട്രംപ് പറഞ്ഞത്. ഇതിന്റെ അടുത്ത ദിവസം ഇന്ത്യയില്‍ നിന്ന് അമേരിക്കയെ വിളിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്.
'ഞാന്‍ തുറന്നുപറയാം, അടുത്ത ദിവസം ഇന്ത്യ ഞങ്ങളെ വിളിച്ചു. ഇതാദ്യമായി, ഒരു വ്യാപാര കരാറിലേര്പ്പെടുന്നതിനെപ്പറ്റി അവര്‍ക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞു'- ചൊവ്വാഴ്ച ട്രംപ് പറഞ്ഞു.
'മുന്‍ ഭരണകൂടത്തോട് (ഒബാമ) ഇതേപ്പറ്റി അവര്‍ സംസാരിച്ചിട്ടില്ല. നേരത്തെയുണ്ടായിരുന്നതില്‍ അവര്‍ വളരെ സന്തുഷ്ടരായിരുന്നു (സബ്സിഡിയില്‍)'- തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെ ട്രംപ് പറഞ്ഞു.
തന്റെ വ്യാപാര പ്രതിനിധികള്‍ വളരെ സ്മാര്‍ട്ട് ആണെന്നും നല്ല കഴിവുള്ളവരാണെന്നും ട്രംപ് പറഞ്ഞു.
'ഓരോ പ്രാവശ്യവും എന്നെ കാണാന്‍ ഓരോ വിദേശ നേതാക്കള്‍ വരും. ഒരിക്കല്‍ ജപ്പാന്റെ ആബെയാരിക്കും, മറ്റൊരിക്കല്‍ ഇന്ത്യയുടെ മോദിയായിരിക്കും. അവരെല്ലാവരുമായി ഞാന്‍ സൗഹൃദത്തിലായി'- ട്രംപ് പറഞ്ഞു.
'നിങ്ങള്‍ക്കറിയുമോ, അവരില്‍ ചിലര്‍ മയമില്ലാത്ത ബന്ധത്തിലായിരുന്നു. കാരണം, കുറേ, കുറേ പതിറ്റാണ്ടുകളായി അവര്‍ നമ്മുടെ ഗുണം പറ്റുകയായിരുന്നു. പക്ഷെ, ഞാന്‍ സൗഹൃദത്തിലായി. അവര്‍ എന്നെ ബഹുമാനിക്കുന്നു. ഞാന്‍ അവരെയും ബഹുമാനിക്കുന്നു. അവര്‍ നമ്മുടെ രാജ്യത്തേക്കൂടി ബഹുമാനിക്കുന്നു'- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."