ജാതി പീഡനത്തില്‍ ഡോക്ടറുടെ ആത്മഹത്യ: മൂന്ന് ഡോക്ടര്‍മാരും അറസ്റ്റില്‍
മുബൈ: ജാതി പീഡനത്തെ തുടര്‍ന്ന് മുബൈയിലെ ഡോക്ടര്‍ പായല്‍ തഡ്‌വി(26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റാരോപിതരായ മൂന്ന് ഡോക്ടര്‍മാരും അറസ്റ്റില്‍. മൂന്ന് പേരും മുംബൈ അഗ്രപാഡയിലെ നായര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍മാരാണ്.
ഡോ. അങ്കിത കാണ്ഡല്‍വാലയെയാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. ഡോ. ഭക്തി മെഹറയെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷവും ഹെമ അഹുജയെ രാത്രിയും അഗ്രപാഡ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജാതീയമായി അധിക്ഷേപിച്ചെന്നും പീഡിപ്പിച്ചെന്നും ഇതിനെ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടറായ പായലിനെ ആത്മഹത്യ ചെയ്തതെന്നുമാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം.
മൂന്ന് പേരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. മെയ് 31 വരെ ഇവരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പൊലിസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ നല്‍കാനായി ഭക്ത മെഹര്‍ എത്തിയപ്പോള്‍ കോടതി പരിസരത്ത് വച്ചാണ് അവരെ അറസ്റ്റ് ചെയ്തത്. ബുര്‍ഖ ധരിച്ചാണ് ഭക്തി കോടതിയില്‍ എത്തിയിരുന്നത്. അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഹെമയെ അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ചിലരെ കാണാനായി അവര്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ അടിസ്ഥാനത്തിലാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അങ്കിതയെ ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഡോക്ടര്‍മാരുള്‍പ്പെടെ നാലു പേരുടെ ലൈസന്‍സ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി.) മരവിപ്പിച്ചിരുന്നു. അറസ്റ്റിലായവര്‍ക്ക് പുറമെ ഡോ. ചിയാങ് ലിങ്ങിനുമെതിരേയാണ് നടപടി. മഹാരാഷ്ട്രാ വനിതാകമ്മിഷനും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. റാഗിങ്ങിന് സമാനമായ സംഭവത്തില്‍ എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരാഞ്ഞ് വനിതാകമ്മിഷന്‍ ആശുപത്രിയധികൃതര്‍ക്ക് നോട്ടിസയച്ചിരുന്നു. അങ്കിത, ഹേമ, ഭക്തി എന്നിവരെ മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അംഗത്വത്തില്‍നിന്ന് താത്കാലികമായി പുറത്താക്കിയിട്ടുണ്ട്.
സീനിയര്‍ ഡോക്ടര്‍മാര്‍ ജാതീയമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പയല്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആത്മഹത്യ ചെയ്തത്. നായര്‍ ആശുപത്രിയുടെ പുറത്ത് പയലിന്റെ ബന്ധുക്കള്‍ പ്രതിഷേധം നടത്തിയിരുന്നു. കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പയലിന്റെ മാതാവ് അബേദ, ഭര്‍ത്താവ് സല്‍മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. സീനിയര്‍ ഡോക്ടര്‍മാരില്‍ നിന്ന് നിരന്തരം പീഡനങ്ങളുണ്ടാവാറുണ്ടെന്ന് പയല്‍ പറഞ്ഞിട്ടുണ്ടെന്ന് മാതാവ് അബേദ് പറഞ്ഞു.
രോഗികളുടെ മുന്നില്‍വച്ച് ഫയലുകള്‍ മുഖത്തേക്ക് എറിഞ്ഞു. പീഡനം സംബന്ധിച്ച് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കരുതെന്നും അത് തന്റെ കരിയറിനെ ബാധിക്കുമെന്നും അവള്‍ പറഞ്ഞിരുന്നെന്ന് അബേദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."