HOME
DETAILS
MAL
ഇടുക്കിയില്‍ ഇന്നലെ ഒരു കോടി യൂനിറ്റ്
backup
October 18 2020 | 01:10 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനം വീണ്ടുമുയര്‍ത്തി. 33.9039 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉല്‍പാദനം. ഇത് ഈ വര്‍ഷത്തെ റെക്കോര്‍ഡാണ്. പുറത്തുനിന്നും എത്തിക്കുന്ന വൈദ്യുതിയേക്കാള്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ന്ന് നില്‍ക്കുന്നത് സമീപകാലത്ത് ആദ്യമാണ്. ഇടുക്കി പദ്ധതിയില്‍ ഇന്നലെ 1.01 കോടി യൂനിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്.
ഉല്‍പാദനത്തിനെടുത്ത വെള്ളത്തിന്റെ ഇരട്ടി ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 2.02 കോടി യൂനിറ്റിനുള്ള വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.
കേന്ദ്ര ജലക്കമ്മിഷന്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന റൂള്‍ ലെവലില്‍ ഇടുക്കി അണക്കെട്ടെത്താന്‍ ഇനി 5.17 അടി കൂടി ജലനിരപ്പുയര്‍ന്നാല്‍ മതി. 2398.85 അടിയാണ് ഒക്ടോബര്‍ 20 വരെയുള്ള റൂള്‍ ലെവല്‍. 21 മുതല്‍ 31 വരെയുള്ള റൂള്‍ ലെവല്‍ 2399.31 അടിയാണ്. റൂള്‍ ലെവലില്‍ ജലനിരപ്പ് എത്തിയാല്‍ ആവശ്യ മെങ്കില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയിലെ കണക്കുപ്രകാരം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് (ഗ്രോസ് സ്‌റ്റോറേജ്) 2393.68 അടിയാണ്. ഇത് സംഭരണ ശേഷിയുടെ 92.14 ശതമാനമാണ്. നിലവിലെ ലൈവ് സ്‌റ്റോറേജ് (വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗിക്കാവുന്ന വെള്ളം) 89.25 ശതമാനമാണ്. 2408 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷിയെങ്കിലും സുരക്ഷിതത്വം മുന്‍നിര്‍ത്തി ഇത് 2403 അടിയില്‍ നിജപ്പെടുത്തിയിരിക്കുകയാണ്. 1953.618 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ അണക്കെട്ടിലുണ്ട്. വെള്ളിയാഴ്ച രാത്രി മുതല്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."