HOME
DETAILS
MAL
കണ്ണൂരില്‍ ഒരു ദിനം രണ്ടു വനം
backup
October 18 2020 | 01:10 AM
കൂത്തുപറമ്പില്‍ നിന്നു നെടുംപോയിലേക്ക് പോകുന്നതിനിടയിലാണ് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ വനപ്രദേശമായ കണ്ണവം ഫോറസ്റ്റ് (പെരുവ വനം). അടുക്കുംതോറും ഇരുഭാഗങ്ങളിലും ഉയര്‍ന്ന മരങ്ങള്‍ തിങ്ങിനിറഞ്ഞ ഹരിതവനം. കണ്ണവം വനത്തിന്റെ അകത്തേക്ക് കടക്കുന്ന സ്ഥലത്ത് ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. അവിടെ നിന്ന് അനുവാദം വാങ്ങിയതിനുശേഷം മാത്രമേ അകത്തുപോകാന്‍ പാടുള്ളൂ. ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങ് നടന്ന സ്ഥലമാണ് കണ്ണവം വനം. പഴശ്ശിരാജയിലെയും ബാഹുബലിയിലെയുമൊക്കെ പല രംഗങ്ങളും ഷൂട്ട് ചെയ്തത് ഈ കാടിനകത്താണ്. നോക്കെത്താ ദൂരം പച്ചപ്പണിഞ്ഞ കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ വനം. വനാന്തര്‍ഭാഗത്ത് നിന്ന് ഒഴുകിയെത്തി പാറക്കെട്ടുകളില്‍ തട്ടി ശാന്തമായി ഒഴുകുന്ന പെരുവ പുഴ, കണ്ണിനും കാതിനും മനസിനും കുളിരേകുന്ന കൊടുങ്കാട്. കൂറ്റന്‍ മരങ്ങളും ശാന്തമായി ഒഴുകുന്ന പെരുവ പുഴയുമാണ് കണ്ണവം വനത്തെ സുന്ദരമാക്കുന്നത്.
ചെക്ക് പോസ്റ്റ് കഴിഞ്ഞ് വനത്തിനുള്ളിലേക്ക് നീണ്ടുകിടക്കുന്ന പാതയിലൂടെയുള്ള സഞ്ചാരം തന്നെയാണ് ഹൈലൈറ്റ്. ഇരുവശവും വനം മാത്രമുള്ള റോഡ്. ചില സ്ഥലങ്ങളില്‍ റോഡ് രണ്ടും മൂന്നുമായി പിരിയുന്നുണ്ട്. ഇടക്കിടെ കാടിനകത്തേക്ക് കയറിപ്പോകുന്ന ഒറ്റയടിപ്പാതകളും.
ആറളം വനവും
മീന്‍മുട്ടി വെള്ളച്ചാട്ടവും
മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പായഞ്ചേരി മുക്കില്‍ എത്തി വലത്തോട്ടുള്ള റോഡ് കയറിയാല്‍ ആറളം വനത്തിലെത്താം. ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രവും മീന്‍മുട്ടി വെള്ളച്ചാട്ടവും ഇതിനടുത്താണ്. കണ്ണവം പോലെ ആറളം മേഖലയും ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. പലപ്പോഴും കാട്ടാനകളുടെ ശല്യം കാരണം പരിസരവാസികള്‍ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. വനത്തിനുള്ളില്‍ ഒത്തിരി ദൂരം ട്രക്കിങ് നടത്തി അകത്തേക്ക് പോയാല്‍ മാത്രമേ വെള്ളച്ചാട്ടം കാണാന്‍ സാധിക്കൂ.
പാല്‍മഴ പോലെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടവും കാനന പാതയിലൂടെയുള്ള യാത്രയും അവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. ആറളം വന്യജീവി സങ്കേതത്തിന്റെ ഓഫീസ് പരിസരത്തു നിന്ന് പതിനഞ്ച് കിലോമീറ്ററോളം ഉള്‍വനത്തിലാണ് മീന്‍മുട്ടി. കുടക് മലനിരകളില്‍ നിന്ന് ആറളം വനത്തിലേക്ക് കുതിച്ചെത്തുന്ന കുടക് ജലപ്രവാഹമാണ് മീന്‍മുട്ടിയിലെ വെള്ളച്ചാട്ടം.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ ആറളം വന്യജീവി സങ്കേതത്തിലെ രണ്ട് വെള്ളച്ചാട്ടങ്ങളിലൊന്നാണ് മീന്‍മുട്ടി. മറ്റൊന്ന് രാമച്ചിയിലെ വെള്ളച്ചാട്ടമാണ്. ആറളത്ത് എത്തുന്നവര്‍ക്ക് വിരുന്നൊരുക്കുന്ന കാഴ്ചയാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. വനപാലകരുടെ അനുമതിയോടെയാണ് വെള്ളച്ചാട്ടത്തിലേക്ക് വനാതിര്‍ത്തിയിലൂടെ പ്രവേശനം സാധ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."