കീഴ്‌ക്കോടതി ജഡ്ജിയാകാന്‍ ദേശീയ പൊതുപരീക്ഷ വരുന്നു
ന്യൂഡല്‍ഹി: സുപ്രിംകോടതി, ഹൈക്കോടതി എന്നിവയ്ക്കു താഴെയുള്ള കോടതികളിലെ ജഡ്ജിമാരാവുന്നതിന് ഇനിമുതല്‍ ദേശീയതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയെന്ന കടമ്പ കടക്കേണ്ടിവരും. സുപ്രിംകോടതിക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള ചുമതല.
ഇതുനടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സുപ്രിംകോടതി നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. പരീക്ഷനടത്തുന്നത് സംബന്ധിച്ച് നിയമ മന്ത്രാലയം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നോട്ടിസ് അയച്ചത്. അടുത്തമാസം 30ന് മുന്‍പ് സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും വിയോജിപ്പ് ഉണ്ടെങ്കില്‍ അതും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ സ്വജനപക്ഷപാതവും അനര്‍ഹര്‍ കടന്നുകൂടുന്നത് ഒഴിവാക്കാനുമാണ് ദേശീയതലത്തില്‍ കേന്ദ്രീകൃത പരീക്ഷ നടത്തുന്നത്.
കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ സമയാസമയങ്ങളില്‍ നികത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും സാധിക്കാതെ വരികയും ജഡ്ജി നിയമനത്തില്‍ സ്വജനപക്ഷപാതം നടക്കുന്നതായി ആരോപണം ഉയരുകയും ചെയ്തതിന്റെ പശ്ചാതലത്തിലാണ് കേന്ദ്രീകൃത തെരഞ്ഞെടുപ്പു രീതിയെ കുറിച്ച് സുപ്രിംകോടതി ആലോചിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ തലത്തില്‍ കേന്ദ്ര ഏജന്‍സിയുടെ കീഴില്‍ പൊതു പരീക്ഷ നടക്കും.
സി.ബി.എസ്.ഇ നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ മാതൃകയില്‍ നടത്താമെന്നാണ് മന്ത്രാലയം നല്‍കുന്ന ശുപാര്‍ശ. പരീക്ഷ നടത്താനായി യു.പി.എസ്.സിയെ ഏല്‍പ്പിക്കാനാണ് ധാരണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."