സൈക്കിള്‍ മോഹം മറന്ന് ഒരു ആറാം ക്ലാസുകാരന്‍
തിരുവനന്തപുരം: സ്വന്തം പണം കൊണ്ട് സ്വന്തമായൊരു സൈക്കിള്‍ എന്നതായിരുന്നു നബീലിന്റെ ഏറെ നാളത്തെ സ്വപ്നം. ആ സ്വപ്നത്തിലേക്ക് എത്താന്‍ ഉറുമ്പു ധാന്യമണി കൂട്ടുന്നതു പോലെ കിട്ടുന്ന ഒന്നും രണ്ടും സ്വരുക്കുട്ടി വരികയായിരുന്നു അവന്‍. അപ്പോഴാണ് നാടിനെ ദുരിതത്തിലാഴ്ത്തിയ മഹാപ്രളയത്തെ കുറിച്ച് ആ കുരുന്ന് അറിയുന്നത്. തന്നെ പോലെ ആയിരക്കണക്കിനു വരുന്ന കുട്ടികള്‍ ഒരു നേരത്തെ ഭക്ഷണത്തിനായി യാചിച്ചു നില്‍ക്കുന്ന വാര്‍ത്തകള്‍ കണ്ട ആ കുഞ്ഞു മനസിന് കാലങ്ങളായി താന്‍ നെഞ്ചേറ്റി നടന്ന സൈക്കിള്‍ സ്വപ്നം ഉപേക്ഷിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. കണിയാപുരം ഗവണ്‍മെന്റ് യു.പി.എസിലെ നബീല്‍ എന്ന ആറാം ക്ലാസുകാരന്‍ തന്റെ കുടുക്കയിലെ 1565 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി നല്‍കിയത്. മാനുഷിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പുതു തലമുറയിലെ ഒരു കണ്ണി മാത്രമാണ് നബീല്‍. നബീല്‍ പഠിക്കുന്ന കണിയാപുരം ഗവണ്‍മെന്റ് യു.പി.എസില്‍ 1380 കുട്ടികളാണ് ഉള്ളത് . ഇവരില്‍ നിന്നും 85,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."