പെരുന്നാള്‍ അവധി കൂട്ടണം: മുറവിളിക്ക് ഇനിയും പരിഹാരമായില്ല
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പെരുന്നാളിന് ഒന്നിലധികം ദിവസം ഔദ്യോഗിക അവധിയനുവദിക്കുന്ന കാര്യത്തില്‍ ഇപ്പോഴും കാത്തിരിപ്പ് മാത്രം. ഏറെ സമ്മര്‍ദങ്ങള്‍ക്ക് ശേഷം ഇത്തവണ സ്‌കൂള്‍ അധ്യയനം തുടങ്ങുന്നത് പെരുന്നാളിനു ശേഷമാക്കിയെങ്കിലും ഔദ്യോഗികമായി അവധി ദിനങ്ങള്‍ കൂട്ടണമെന്ന ആവശ്യത്തില്‍ ഇനിയും തീരുമാനമായില്ല. ചെറിയപെരുന്നാള്‍, ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മൂന്നുദിവസമെങ്കിലും അവധിയായി പ്രഖ്യാപിക്കണമെന്നാണ് വര്‍ഷങ്ങളായി ഉയരുന്ന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകളും വിവിധ മുസ്‌ലിം സംഘടനകളും നിവേദനങ്ങളും മറ്റുമായി സര്‍ക്കാരിനെ സമീപിക്കുന്നത് പതിവായി തുടരുകയാണ്. നിലവില്‍ രണ്ടുപെരുന്നാളിനും ഓരോ ദിവസമാണ് സര്‍ക്കാര്‍ അംഗീകൃത അവധി.
ചന്ദ്രവര്‍ഷ കലണ്ടര്‍ അനുസരിച്ച് മാസപ്പിറവി അടിസ്ഥാനത്തിലാണ് പെരുന്നാള്‍ ദിനങ്ങളുള്‍പ്പെടെ കണക്കാക്കാറുള്ളത്. മുന്‍കൂട്ടി തയാറാക്കുന്നതു പ്രകാരമാണ് പൊതുകലണ്ടറും സ്‌കൂള്‍ കലണ്ടറും നിശ്ചയിക്കുന്നത്. കലണ്ടര്‍ തിയതിയിലെ മാറ്റം കാരണം പെരുന്നാള്‍ ദിനം മാറിയാല്‍ അതത് ജില്ലയില്‍ നിയന്ത്രിത അവധിയാണ് നല്‍കിവരുന്നത്. ജില്ലാ കലക്ടര്‍ക്കാണ് ഇതിനുള്ള അധികാരം. ഇത്തവണ സര്‍ക്കാര്‍ കലണ്ടറില്‍ ഈദുല്‍ഫിത്വ്‌റിനു ജൂണ്‍ 5 ബുധനാഴ്ചയും ബലിപെരുന്നാളിനു ഓഗസ്റ്റ് 11 ഞായറാഴ്ചയുമാണ് ഔദ്യോഗിക അവധി. ഈവര്‍ഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയതോടെ ജൂണ്‍ 3,4 ദിവസങ്ങള്‍ക്ക് പകരം മറ്റു രണ്ടുദിനങ്ങള്‍ പ്രവൃത്തി ദിവസങ്ങളാക്കേണ്ടിവരും.
അക്കാദമിക് കലണ്ടറില്‍ പെരുന്നാള്‍ അവധി മൂന്നുദിവസമായി നിശ്ചയിക്കണമെന്നതാണ് നീണ്ടകാലത്തെ ആവശ്യം. എന്നാല്‍ നിശ്ചിത അധ്യയന ദിവസം തികയാതെ വരുമെന്നതാണ് ഇതിനു വിഘാതമായി ചൂണ്ടിക്കാണിക്കുന്നത്. മന്നം ജയന്തി അവധി ഈയടുത്ത് പുതുതായി ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ കര്‍ക്കടക വാവിന് അര ദിവസത്തേക്കു നല്‍കിയിരുന്ന അവധി ഒരുദിവസമായി പുതുക്കി നിശ്ചയിക്കുകയും ചെയ്തു. വനിതാമതിലില്‍ പങ്കെടുക്കാന്‍ പോലും സര്‍ക്കാര്‍ അപ്രഖ്യാപിതമായി അരദിവസത്തെ അവധി നല്‍കിയ സംഭവവും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."